എബോള ലക്ഷണങ്ങളോടെ കോംഗോ സ്വദേശി അഹമ്മദാബാദില്‍ ഐസൊലേഷനില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്

എബോള ലക്ഷണങ്ങളോടെ കോംഗോ സ്വദേശി അഹമ്മദാബാദില്‍ ഐസൊലേഷനില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്

അഹമ്മദാബാദ്: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നെത്തിയ 37 കാരനായ വ്യവസായിയെ എബോള വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയതെന്നും ഗുജറാത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അമൂരി ലൊക്കൂല എന്ന മുപ്പത്തിയേഴുകാരനായ വ്യവസായി മെയ് 18 നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. അഞ്ച് ദിവസത്തോളം മുംബൈയില്‍ കഴിഞ്ഞ അദേഹം ബിസിനസ് ആവശ്യങ്ങള്‍ക്കായി കേന്ദ്ര ഭരണ പ്രദേശമായ സില്‍വാസ, ദാമന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മെയ് 22 നാണ് ഗുജറാത്തിലെ വഡോദരയില്‍ എത്തുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദേഹം ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ച് കോംഗോയില്‍ നിന്നുള്ള യാത്രാ പശ്ചാത്തലം വ്യക്തമായതോടെയാണ് മെഡിക്കല്‍ സംഘം ജാഗ്രതാ നിര്‍ദേശം നല്‍കിയതും തുടര്‍ന്ന് അഹമ്മദാബാദിലെ പ്രത്യേക എബോള വാര്‍ഡിലേക്ക് മാറ്റിയതും. ലിവര്‍ എന്‍സൈമുകളില്‍ ഉണ്ടായ വ്യതിയാനവും വൈറല്‍ ഹെമറേജിക് ഫീവര്‍ ലക്ഷണങ്ങളും കണക്കിലെടുത്താണ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അഹമ്മദാബാദിലെ എസ്‌വിപി ആശുപത്രിയിലെ പ്രത്യേക ക്വാറന്റൈന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരില്‍ നിലവില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

രോഗിയുടെ രക്തസാമ്പിളുകള്‍ അടിയന്തരമായി പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം 24 മുതല്‍ 48 മണിക്കൂറിനകം ലഭ്യമാകും. നിലവില്‍ ഗുജറാത്തിലോ ഇന്ത്യയിലോ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനഇത് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പരിശോധനയും യാത്രക്കാരുടെ നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.