വാഷിങ്ടൺ: ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതിക മുന്നേറ്റവുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മനുഷ്യന്റെ നിരന്തര ഇടപെടലുകളില്ലാതെ തന്നെ സ്വയം തീരുമാനങ്ങൾ എടുത്ത് സഞ്ചരിക്കാൻ കഴിയുന്ന 'എർണസ്റ്റ്' എന്ന അത്യാധുനിക റോവർ പ്രോട്ടോടൈപ്പ് നാസ പുറത്തിറക്കി. ഭാവിയിൽ ചന്ദ്രനിലെയും ചൊവ്വയിലെയും ദുർഘടമായ ഭൂപ്രകൃതികളിൽ വേഗത്തിലും കാര്യക്ഷമമായും പര്യവേക്ഷണം നടത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് എർണസ്റ്റിന്റെ വികസനത്തിന് പിന്നിൽ. കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോവർ വഴിയിലെ തടസങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാനും സുരക്ഷിതമായ പാത തിരഞ്ഞെടുക്കാനും പ്രാപ്തമാണ്. കാലിഫോർണിയയിലെ മരുഭൂമിയിൽ നടത്തിയ പരീക്ഷണങ്ങളിൽ എൻജിനീയർമാരുടെ സഹായം കൂടാതെ ഏഴു ദിവസത്തിനുള്ളിൽ 26 കിലോമീറ്റർ ദൂരം ഈ റോവർ പിന്നിട്ടത് നാസയുടെ സാങ്കേതിക മികവിന്റെ തെളിവായി.
നിലവിലെ റോവറുകൾ ഉപയോഗിക്കുന്ന 'റോക്കർ-ബോഗി' സംവിധാനത്തിന് പകരം നാല് ചക്രങ്ങൾ സ്വതന്ത്രമായി നിയന്ത്രിക്കാവുന്ന സസ്പെൻഷൻ സംവിധാനമാണ് എർണസ്റ്റിനുള്ളത്. ഇതുവഴി വലിയ പാറക്കെട്ടുകളും കുത്തനെയുള്ള ചരിവുകളും അനായാസം മറികടക്കാൻ സാധിക്കും.
മുന്നോട്ടും പിന്നോട്ടും മാത്രമല്ല വശങ്ങളിലേക്കും നീങ്ങാൻ റോവറിന് കഴിവുണ്ട്. മുൻവശത്തെ പ്രത്യേക ജോയിന്റുകൾ ഉപയോഗിച്ച് ശരീരത്തിന്റെ ആകൃതിയിൽ മാറ്റം വരുത്തി തടസങ്ങളെ അതിജീവിക്കാൻ ഇതിനാകും.
'റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്' എന്ന സാങ്കേതികവിദ്യയിലൂടെ ആയിരക്കണക്കിന് കമ്പ്യൂട്ടർ സിമുലേഷനുകൾ വഴിയാണ് റോവറിനെ പരിശീലിപ്പിച്ചത്.
രാത്രിയിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച പ്രകടനമാണ് എർണസ്റ്റ് കാഴ്ചവെക്കുന്നത്. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ റോവർ വരുംകാലത്തെ ബഹിരാകാശ ദൗത്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.