ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു സൈനികനെ കാണാതാവുകയും ചെയ്തു. മാർച്ച് മാസത്തിനു ശേഷം ഇറാനിയൻ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ ജൂലൈ 17 നാണ് ജോർദാനിലെ അൽ-അസ്‌റാഖിലുള്ള യു.എസ് സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടെയാണ് രണ്ട് സൈനികർക്ക് വീരമൃത്യു വരിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യു.എസിന്റെ നിരവധി വിമാനങ്ങൾ തകർത്തതായും അവർ അവകാശപ്പെടുന്നു.

സൈനികരുടെ മരണത്തിന് മറുപടിയായി ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇറാനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.