ബംഗളൂരു: തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ധരാമയ്യ. രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പു വരുമ്പോളേക്കും തനിക്ക് 80 വയസ് പിന്നിടും. ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാനാകില്ല. തന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അടുത്ത തിരഞ്ഞെടുപ്പെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു കൊണ്ട് ജനങ്ങളുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരുടെ ശബ്ദമായി ഞാന്‍ നിലകൊള്ളുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ഞാന്‍ മത്സരിച്ചപ്പോഴൊക്കെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെയാണ് ഞങ്ങള്‍ക്ക് വിജയം ഉറപ്പാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിപ്പോയിരിക്കുന്നു.
"തോല്‍വികളും വിജയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ വിശ്വസിച്ച തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയോ സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഇന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് പണം നല്‍കേണ്ടുന്ന ഒരു കാലഘട്ടമായിരിക്കുന്നു. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയത്."- സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.