ന്യൂഡല്‍ഹി: സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ഡല്‍ഹി പൊലീസും കേന്ദ്രസേനയും നടത്തിയ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള നടപടികളില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നിന്ന് ആരംഭിച്ച പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ഥചൂണ്ടിക്കാട്ടിയും പ്രതിരോധത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെട്ടുമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രക്ഷോഭകര്‍ക്ക് നേരെ അമിത ബലപ്രയോഗം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്ന വാദ പ്രതിവാദങ്ങളും ഹര്‍ജിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. സമരത്തിലെ പൊലീസ് ക്രൂരത തെളിയിക്കുന്ന ദൃശ്യങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ താല്‍പര്യമില്ലെന്നും കോടതിയുടെ സമയം കളയരുതെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
എന്നാല്‍ ഇതിനുപിന്നാലെ പരമോന്നത കോടതി വിശദീകരണവുമായി രംഗത്തെത്തി. വക്കീല്‍ അടിയന്തരമായി ഉന്നയിച്ചത് കോടതിയുടെ മുന്‍പാകെ ഔദ്യോഗികമായി ഫയല്‍ ചെയ്ത ഒരു റിട്ട് ഹര്‍ജിയല്ലെന്നും കേവലം ഒരു പ്രതിനിധാനം മാത്രമായിരുന്നെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കൃത്യമായ ഹര്‍ജി സമര്‍പ്പിക്കാതെ വിഷയം കോടതിക്ക് മുന്നില്‍ കൊണ്ടുവന്നപ്പോഴാണ് അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും വിഷയം കോടതി നിരസിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയുമായിരുന്നു സിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ച്. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പൊലീസ് നടത്തിയ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൊലീസിന്റെ ഈ അതിക്രമത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.
വിവാദങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിഷയം സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ സുപ്രധാന നിരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.