പാരീസ്: വിശ്വാസത്തിന്റെയും ഉൾക്കൊള്ളലിന്റെയും മനോഹരമായ സന്ദേശമായി മാറി പാരീസിലെ ചരിത്രപ്രസിദ്ധമായ കോൺകോർഡ് ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പ അർപ്പിച്ച ദിവ്യബലി. ഏഴ് ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലിയിൽ ഡൗൺ സിൻഡ്രോം ഉള്ള ആറു യുവാക്കൾ അൾത്താരശുശ്രൂഷകരായി സേവനം ചെയ്തു.
തിയോഫിൽ, മാക്‌സിം, ഫ്രാങ്കോയിസ്, ഫൗക്കോൾഡ്, തിമൊത്തെയോസ്, ജെറോം എന്നിവരാണ് പാപ്പയുടെ ദിവ്യബലിയിൽ അൾത്താര ശുശ്രൂഷകരായി സേവനം ചെയ്ത് വിശ്വാസികളുടെ ശ്രദ്ധ നേടിയവർ. സഭയിൽ ഓരോ വ്യക്തിക്കും അവരുടേതായ സ്ഥാനവും ദൗത്യവുമുണ്ടെന്ന ശക്തമായ സന്ദേശം കൂടിയായിരുന്നു അവരുടെ സാന്നിധ്യം.
കുറച്ചുകാലം മുമ്പ് വത്തിക്കാനിൽ ലെജൂൺ ഫൗണ്ടേഷന്റെ പ്രതിനിധിയായി എത്തിയപ്പോഴാണ് പതിനൊന്നുകാരനായ തിയോഫിൽ പാപ്പയ്ക്ക് ഒരു കത്ത് കൈമാറിയത്. പാപ്പ പാരീസ് സന്ദർശിക്കുമ്പോൾ ദിവ്യബലിയിൽ അൾത്താര ശുശ്രൂഷകനായി സേവനം ചെയ്യാൻ അവസരം നൽകണമെന്നായിരുന്നു അവന്റെ അഭ്യർത്ഥന.
തിയോഫിലിന്റെ ആഗ്രഹം മനസിലാക്കിയ പാപ്പ ലിയോ പതിനാലാമൻ അതിന് അനുമതി നൽകുകയായിരുന്നു. പാപ്പയുടെ ഈ പ്രത്യേക ക്ഷണം തിയോഫിലിന് ഏറെ സന്തോഷം പകർന്നു.
ഡൗൺ സിൻഡ്രോം ബാധിതനായ മാക്‌സിമാണ് അൾത്താരശുശ്രൂഷയ്ക്കായി തിയോഫിലിനെ ഒരുക്കിയത്. പിന്നീട് പാരീസിൽ ഫ്രാങ്കോയിസ്, ഫൗക്കോൾഡ്, തിമൊത്തെയോസ്, ജെറോം എന്നിവരും ഇവരോടൊപ്പം ചേർന്നു.
ആറു യുവാക്കളുടെ ഈ സേവനം ദിവ്യബലിയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഏറെ ഹൃദയസ്പർശിയായ അനുഭവമായി. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെടേണ്ടവരല്ല മറിച്ച് സഭയുടെയും സമൂഹത്തിന്റെയും സജീവ ഭാഗമാണ് ഭിന്നശേഷിയുള്ള ഓരോ വ്യക്തിയുമെന്ന സന്ദേശവും അവരുടെ സാന്നിധ്യം പങ്കുവച്ചു.
ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്നും ദൈവസന്നിധിയിൽ ആരും അനാവശ്യരല്ലെന്നും ഓർമിപ്പിച്ചുകൊണ്ട് പാരീസിലെ ഈ ദിവ്യബലി ക്രൈസ്തവ ഉൾക്കൊള്ളലിന്റെയും സ്നേഹത്തിന്റെയും മനോഹരമായ സാക്ഷ്യമായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.