ലാഹോർ: പാകിസ്ഥാനിൽ വ്യാജ മതനിന്ദാ ആരോപണത്തിൽ കുടുക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളിൽ ഒരാളുടെ വധശിക്ഷ പാകിസ്ഥാൻ സുപ്രീം കോടതി ശരിവച്ചു. ഒരേ കേസിൽ ഉൾപ്പെട്ട ഇരുവരുടെയും കാര്യത്തിൽ വിധി വ്യത്യസ്തമായത് വലിയ ദുരൂഹതയ്ക്കും നിയമവിദഗ്ധരുടെ ചോദ്യങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വിവിധ മനുഷ്യാവകാശ സംഘടനകളും ക്രൈസ്തവ പിന്തുണയുള്ള നിയമസഹായ സ്ഥാപനങ്ങളും രംഗത്തെത്തി.
ജസ്റ്റിസ് മുഹമ്മദ് ഹാഷിം ഖാൻ കാക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ഒക്ടോബർ ഏഴിന് 49-കാരനായ കൈസർ അയ്യൂബിന്റെ അപ്പീൽ ഹർജി തള്ളിയത്. ഇന്റർനെറ്റിൽ ദൈവദൂഷണപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അദേഹത്തിന് കീഴ്ക്കോടതി വധശിക്ഷ വിധിച്ചിരുന്നത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചു സഹോദരനായ 46-കാരൻ അമൂൻ അയ്യൂബിനെ കോടതി വെറുതെവിട്ടു.
ലാഹോർ സ്വദേശികളായ കൈസർ അയ്യൂബും അമൂൻ അയ്യൂബുംതിെരെ 2011ലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ കൈസർ 2009 ൽ തന്നെ താൻ നടത്തിയിരുന്ന വെബ്‌സൈറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടിയതായിരുന്നു. എന്നാൽ അദേഹത്തിന്റെ പരിചയക്കാരനായ ഷെഹരിയാർ ഗിൽ എന്ന മുസ്ലീം വ്യക്തി, കോപ്പിറൈറ്റ് വിവരങ്ങളിൽ കൈസറിന്റെ പേര് മാത്രം നിലനിർത്തിക്കൊണ്ട് ഈ വെബ്‌സൈറ്റ് അനധികൃതമായി പുനരാരംഭിക്കുകയായിരുന്നു.
ഈ സംഭവത്തിനു പിന്നാലെ ക്രൈസ്തവ കുടുംബത്തിന് നേരെ ഭീഷണികൾ ഉയർന്നതോടെ സഹോദരന്മാർ പാകിസ്ഥാൻ വിട്ട് സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലൻഡിലേക്കും പലായനം ചെയ്യാൻ നിർബന്ധിതരായി. തുടർന്ന് 2014 ൽ ലാഹോറിൽ തിരിച്ചെത്തിയപ്പോഴാണ് കൈസർ അറസ്റ്റിലായത്.
പിന്നാലെ 2015 ൽ അമൂനും അറസ്റ്റിലായി. 2018 ൽ വിചാരണക്കോടതി ഇരുവർക്കും വധശിക്ഷ വിധിക്കുകയും 2022 ൽ ലാഹോർ ഹൈക്കോടതിയുടെ റാവൽപിണ്ടി ബെഞ്ച് ഈ ശിക്ഷ ശരിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ സുപ്രീം കോടതിയും ഈ അീതിക്ക് കൂട്ടുനിന്നിരിക്കുകയാണ്.
“അമൂന്റെ വിടുതലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഒരേ കേസിൽ ഒരു സഹോദരനെതിരെയുള്ള തെളിവുകൾ അപര്യപ്തമാണെങ്കിൽ, അതേ തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റേയാളെ എങ്ങനെ തൂക്കിലേറ്റാൻ കഴിയും?” ഈ കേസിൽ സഹോദരങ്ങളെ ആദ്യകാലം മുതൽ നിയമപരമായി സഹായിച്ച ‘സെന്റർ ഫോർ ലീഗൽ എയ്ഡ്, അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ്’ ഡയറക്ടർ നാസിർ സയീദ് കോടതി വിധിയോട് പ്രതികരിച്ചു.
പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളെ മാത്രം ആശ്രയിച്ചാണ് ഈ കടുത്ത ശിക്ഷാവിധി നിലനിൽക്കുന്നത് എന്നും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഇത്തരം ഡിജിറ്റൽ തെളിവുകൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും അദേഹം ചൂണ്ടിക്കാണിച്ചു.
പാകിസ്ഥാനിൽ ന്യൂനപക്ഷമായ ക്രൈസ്തവർക്കെതിരെ വ്യാജ മതനിന്ദാ ആരോപണങ്ങൾ ആയുധമാക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൈസർ അയ്യൂബ്. കുറ്റവിമുക്തനാക്കപ്പെട്ട അമൂനൊപ്പം കൈസറിനും നീതി ലഭിക്കുന്നതിനായി ആഗോള ക്രൈസ്തവ സമൂഹം പ്രാർത്ഥനയോടെയും ആശങ്കയോടെയുമാണ് ഈ വിധിയെ ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.