എതിര്‍പ്പ് ശക്തം; നിദാല്‍ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല; തീരുമാനം മാറ്റി ട്രംപ് ഭരണകൂടം

എതിര്‍പ്പ് ശക്തം; നിദാല്‍ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല; തീരുമാനം മാറ്റി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയിലെ ഫോര്‍ട്ട് ഹുഡ് വെടിവെപ്പ് കേസിലെ പ്രതി നിദാല്‍ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു. വധശിക്ഷ ലൈവായി കാണിക്കുന്നതിനോട് വിവിധയിടങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.

ലൈവ് സ്ട്രീം ഉണ്ടാകില്ലെന്നും നിശ്ചയിച്ച പ്രകാരം ഹസന്റെ വധശിക്ഷ ഫയറിംഗ് സ്‌ക്വാഡ് തന്നെ നടപ്പാക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആളുകള്‍ക്ക് ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച പെന്റഗണ്‍ നടത്തിയ പ്രഖ്യാപനം തിരുത്തിയാണ് ട്രംപിന്റെ തീരുമാനം.

ഹസനെപ്പോലെയുള്ള ഭീകരവാദികളോടും കീടങ്ങളോടും അമേരിക്ക എങ്ങനെയാണ് ഇടപെടുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ഒരു ശക്തമായ മുന്നറിയിപ്പായി ഇത് മാറുമായിരുന്നു.

എന്നാല്‍ നല്ലവരും സന്മനസുള്ളവരുമായ നിരവധി ആളുകള്‍ അയാള്‍ മരിക്കുന്നത് സ്ട്രീമിംഗിലൂടെയോ മറ്റേതെങ്കിലും ദൃശ്യ മാധ്യമങ്ങളിലൂടെയോ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

2009 ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് ആര്‍മി ബേസില്‍ ഉണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് മുന്‍ മേജറും വിര്‍ജീനിയയില്‍ നിന്നുള്ള സൈക്കാട്രിസ്റ്റുമായ നിദാല്‍ ഹസന് വധശിക്ഷ നല്‍കിയത്. തിരക്കേറിയ മെഡിക്കല്‍ കെട്ടിടത്തില്‍ ഹസന്‍ നടത്തിയ വെടിവെപ്പില്‍ നിരായുധരായ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

യുഎസ് സൈന്യത്തില്‍ നിന്ന് മുസ്ലീങ്ങളെയും അഫ്ഗാനിസ്ഥാനിലെ താലിബനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് നിദാന്‍ ഹസന്‍ സമ്മതിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ ഹസന്‍, നിലവില്‍ വീ ല്‍ചെയറിലാണ്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരെ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരുപോലെ രംഗത്തെത്തി. ഹസന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നും വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും വിമര്‍ശകരും രംഗത്തെത്തി.

ഹസന്റെ വധശിക്ഷ ഭാവിയിലെ ഭീകരര്‍ ഒരു റിക്രൂട്ടിങ് ഉപകരണമാക്കി ഉപയോഗിക്കുമെന്ന ആശങ്ക പങ്കുവെച്ച് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.

1961 ലാണ് യുഎസ് സൈന്യം അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ഓസ്ട്രിയയില്‍ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോണ്‍ ബെനറ്റിനെയാണ് അന്ന് സൈന്യം തൂക്കിക്കൊന്നത്.

എന്നാല്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1945 ലാണ്. 2026 ഡിസംബര്‍ മൂന്നിനാണ് സൈന്യം നിദാല്‍ ഹസന്റെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.