ബര്‍ലിന്‍: ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ കടന്നു പിടിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും പത്തൊമ്പതുകാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
റോബോട്ടിന്റെ പ്രവര്‍ത്തികള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീം ചെയ്തതും പ്രശ്‌നമായി. ലൈംഗിക അധിക്ഷേപം ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 11 ഞായറാഴ്ച രാത്രി കോളോണിലെ റിംഗ്‌സ്ട്രാസെയിലാണ് സംഭവം. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വര്‍ണ മാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്ററന്റില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഏകദേശം 1.20 മീറ്റര്‍ ഉയരമുള്ള, അയേണ്‍മാനെ പോലെ ചുവപ്പും സ്വര്‍ണ നിറവുമുള്ള റോബോട്ട് എത്തി.
റോബോട്ടിനെ കണ്ട പെണ്‍കുട്ടി അതിനെ കൗതുകത്താല്‍ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോബോട്ട് അതിന്റെ കൈകള്‍ ചലിപ്പിക്കുകയും പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. ഇത് കണ്ട് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചുകൊണ്ട് ഓടി.
മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാനോ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
റോബോട്ടിനൊപ്പം യുവാക്കളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ പൊലീസ് ചുവപ്പും സ്വര്‍ണവും കലര്‍ന്ന റോബോട്ടിന്റെ നിലത്ത് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.
റോബോട്ടുകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്. ഭാവിയില്‍ കൊലപാതകങ്ങള്‍ക്കു പോലും റോബട്ടുകളെ ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.