ആശുപത്രിയില്‍ കുര്‍ബാന അര്‍പ്പിച്ചു; ഔദ്യോഗിക ജോലികള്‍ പുനരാരംഭിച്ചു: മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരം

ആശുപത്രിയില്‍ കുര്‍ബാന അര്‍പ്പിച്ചു; ഔദ്യോഗിക ജോലികള്‍ പുനരാരംഭിച്ചു: മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരം

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ അര്‍ബുദ ബാധിതമായ ചെറിയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിനെ തുടര്‍ന്ന് ജെമെല്ലി പോളിക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന ലിയോ പതിനാലമന്‍ മാര്‍പാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗമുക്തി സാധാരണ നിലയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നെഞ്ചിന്റെ എക്‌സ്-റേ പരിശോധനയില്‍ ശസ്ത്രക്രിയ നടത്തിയ ശ്വാസകോശം മികച്ച രീതിയില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തി.

ഡോ. ലൂയിജി കര്‍ബോണ്‍, പ്രൊഫ. ഡോ. സ്റ്റെഫാനോ മര്‍ഗരിത്തോറ എന്നിവരാണ് പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

മാര്‍പാപ്പ പതിവ് പരിശോധനകള്‍ക്കു വിധേയനാവുകയും ഫലങ്ങളെല്ലാം സാധാരണ നിലയിലേക്ക് വന്നതായും റിപ്പോര്‍ട്ടുണ്ട്. പാപ്പ തന്റെ ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി നിര്‍വഹിക്കുന്നുണ്ടെന്നും ഫിസിയോതെറാപ്പി സെഷനില്‍ മുഴുവന്‍ വ്യായാമങ്ങളും അദ്ദേഹം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജെമെല്ലി ആശുപത്രിയിലെ പത്താം നിലയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ വ്യാഴാഴ്ച രാവിലെ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കും ഇതേ രീതിയില്‍ മാര്‍പാപ്പ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്ന് തന്റെ ഔദ്യോഗിക ജോലികള്‍ പുനരാരംഭിച്ച പാപ്പ, ജനറല്‍ അഫയേഴ്‌സ് സബ്സ്റ്റിറ്റിയൂട്ട് ആര്‍ച്ച് ബിഷപ്പ് പൗലോ റുഡെല്ലിയുമായി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.