വത്തിക്കാൻ സിറ്റി: താടിയെല്ലിലെ കാൻസറിനോട് അഞ്ചു വർഷത്തോളം ആത്മീയ ധീരതയോടെ പൊരുതി നിത്യസമ്മാനത്തിലേക്ക് കടന്നുപോയ മലയാളി യുവതി അജ്ന ജോർജിനെ പ്രത്യേകമായി അനുസ്മരിച്ച് ലിയോ മാർപാപ്പ. ജീസസ് യൂത്ത് ആഗോള സംഗമത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ അജ്നയുടെ ജീവിതം ലോകത്തിന് മാതൃകയായി എടുത്തുപറഞ്ഞത്.
ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ വിശ്വാസത്തിന്റെ സന്തോഷവും ധീരതയും തുളുമ്പുന്ന നിരവധി സാക്ഷികളുണ്ടെന്നും അതിൽ അജ്ന ജോർജിന്റെ ജീവിതം അങ്ങേയറ്റം മനോഹരവും ഹൃദയസ്പർശിയുമാണെന്നും പാപ്പ വ്യക്തമാക്കി. രോഗമെന്ന വലിയ പരീക്ഷണഘട്ടത്തിലും ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ യേശുവിനോടുള്ള അഗാധമായ സ്നേഹമാണ് അജ്നയ്ക്ക് കരുത്തുനൽകിയതെന്നും പാപ്പ കൂട്ടിച്ചേർത്തു.
ബിരുദാനന്തര ബിരുദം ഉന്നത വിജലത്തോട് പാസായ ശേഷം തേവര എസ്.എച്ച് കോളേജിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ആരംഭിക്കാനിരുന്ന നാളുകളിലാണ് അജ്നയെ കാൻസർ തേടിയെത്തുന്നത്. കാൻസർ അവളുടെ കണ്ണും കാതും കരളും വായും താടിയെല്ലുമെല്ലാം കാർന്നെടുത്തു.
അസഹനീയമായ വേദനകളുടെ നടുവിലും, കാഴ്ചയും കേൾവിയും മുഖകാന്തിയും സംസാരശേഷിയും നഷ്ടപ്പെട്ടപ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. അടിയുറച്ച ക്രിസ്തുവിശ്വാസത്തോടെ ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തിക്കൊണ്ട് അവൾ തന്റെ സഹനയാത്ര തുടർന്നു.
രോഗാവസ്ഥയുടെ അവസാന നാളുകളിൽ അജ്നയുടെ ദിവ്യകാരുണ്യ സ്വീകരണം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്ക് മുൻപിൽ ഒരു മണിക്കൂറോളം മനസുകൊണ്ട് സ്തുതിയും ആരാധനയും അർപ്പിച്ച ശേഷമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്.
അവസാന കാലഘട്ടത്തിൽ അധരങ്ങൾ കൊണ്ട് തിരുവോസ്തി സ്വീകരിക്കാൻ സാധ്യമാകാതെ വന്നപ്പോൾ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് വയറു തുളച്ചിട്ടിരിക്കുന്ന ട്യൂബിലൂടെ ഉൾക്കൊള്ളുകയായിരുന്നു. ഏകദേശം ഏഴ് മാസത്തോളമാണ് അവൾ ഈ രീതിയിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്.
2022 ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്ക്, രോഗീലേപനവും ദിവ്യകാരുണ്യ ഈശോയെയും സ്വീകരിച്ച് ഈ ധന്യയായ യുവതി തന്റെ സ്വർഗീയ നാഥന്റെ സന്നിധാനത്തിലേക്ക് യാത്രയായി.
"സഹനങ്ങളെ പ്രാർത്ഥനയാക്കി മാറ്റിയ വേദനകളെ കൃപയുടെ നിമിഷങ്ങളാക്കി മാറ്റിയ അജ്ന ജോർജിന്റെ ജീവിതം സഭയ്ക്ക് നൽകുന്ന സാക്ഷ്യം ചെറുതല്ല; അതെന്നും വിശ്വാസികൾക്ക് വലിയൊരു പ്രചോദനമാണ്."
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.