മാതാവിന്റെ വണക്കമാസ വിചിന്തനം പത്താം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പത്താം  ദിവസം

ലൂക്കാ 1:38 മറിയം പറഞ്ഞു ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.

രക്ഷാകരപദ്ധതിയുടെ ഭാഗമാകുവാനുള്ള ദൈവിക ക്ഷണത്തിനുള്ള മറിയത്തിന്റെ മറുപടി ആണിത്. തനിക്ക് ലഭിക്കുവാൻ പോകുന്ന ഭാഗ്യപദവിയോടൊപ്പം, താൻ നേരിടാൻ പോകുന്ന അപമാനവും സഹനവും ഒന്നും വകവയ്ക്കാതെ ദൈവഹിതത്തിനു മറിയം തന്നെത്തന്നെ സമർപ്പിക്കുന്നു. ദൈവീകവിളികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ എപ്രകാരം അതിനോട് പ്രതികരിക്കണം എന്നതിന്റെ ഒരു മാതൃകയാണിത്.

വചനത്തിൽ ഇപ്രകാരം ദൈവവിളിയോട് ക്രിയാത്മകമായി പ്രതികരിക്കുന്ന നിരവധി ഭാഗങ്ങൾ കാണാം.
1സാമുവേൽ 3 :10 അപ്പോൾ കർത്താവ് വന്നു നിന്ന് മുൻപിലത്തെ പോലെ സാമുവേൽ, സാമുവേൽ എന്ന് വിളിച്ചു. സാമുവേൽ പ്രതിവചിച്ചു , അരുളിച്ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.
ഏശയ്യ 6 :8 അതിനുശേഷം കർത്താവ് അരുളിചെയ്യുന്നത് ഞാൻ കേട്ടു,ആരെയാണ് ഞാൻ അയക്കുക, ആരാണ് നമുക്ക് വേണ്ടി പോകുക. അപ്പോൾ ഞാൻ പറഞ്ഞു ഇതാ ഞാൻ, എന്നെ അയച്ചാലും.

ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനായി ദൈവം നമ്മെ ക്ഷണിക്കുമ്പോൾ, അത് ഒരു പക്ഷെ, എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കുവാൻ (മർക്കോ 16:15) മൂകരും അനാഥരുമായവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുവാൻ (സുഭാ 31:8), നമ്മളാൽ ആവുംവിധം അപരനെ സഹായിക്കുവാൻ, വേദനിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ , രോഗികളെ ശ്രുശ്രൂഷിക്കുവാൻ, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ, ഒക്കെ ആകാം, എന്തുതന്നെ ആയാലും, ദൈവഹിതം എന്നിൽ നിറവേറട്ടെ എന്ന് മറുപടി പറയുവാൻ അമ്മയെപോലെ നമുക്കും കഴിയട്ടെ.

വിളവധികം വേലക്കാരോ ചുരുക്കം (മത്തായി 9:37) ദൈവരാജ്യ വേലക്കായി അനേകരെ ഒരുക്കാൻ പരിശുദ്ധ അമ്മയോട് ചേർന്ന് ഈശോയോട് നമുക്ക് പ്രാർത്ഥിക്കാം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.