ഓസ്‌ട്രേലിയന്‍ മരുഭൂമിയിലെ വാഹനയോട്ട മത്സരത്തിനിടെ അപകടം; ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

ഓസ്‌ട്രേലിയന്‍ മരുഭൂമിയിലെ വാഹനയോട്ട മത്സരത്തിനിടെ അപകടം; ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

ഡാര്‍വിന്‍: ഓസ്‌ട്രേലിയയിലെ ഫിങ്കി മരുഭൂമിയില്‍ നടന്ന വാഹനയോട്ട മത്സരത്തിനിടെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി കാണികളിലൊരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ആലീസ് സ്പ്രിംഗ്‌സിനു സമീപം തിങ്കളാഴ്ച്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.
മത്സരം കാണാനെത്തിയ അറുപതു വയസുള്ള ഒരാളാണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചതെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആലീസ് സ്പ്രിംഗ്‌സിലെ ആശുപത്രിയില്‍ എത്തിച്ചു.

മരുഭൂമിയിലൂടെ 460 കിലോമീറ്റര്‍ ദൂരമുള്ള ഓഫ് റോഡ് മത്സരത്തില്‍ ഫിനിഷിംഗ് ലൈനിന് 35 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്.

അതിവേഗ ഓഫ് റോഡ് റേസിംഗില്‍ ഉപയോഗിക്കുന്ന ട്രോഫി ട്രക്കാണ് അപകടമുണ്ടാക്കിയത്. റേസിനിടെ അതിവേഗത്തില്‍ വന്ന വാഹനം മണല്‍ക്കൂനയില്‍നിന്നു കുതിച്ചുപൊങ്ങി നിയന്ത്രണം വിട്ട് കാണികള്‍ക്കരികിലേക്ക് പാഞ്ഞുവരികയായിരുന്നു. ഇതു കണ്ട് ആളുകള്‍ നാലുവശത്തേക്കും ചിതറിയോടി. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് ദൃക്‌സസാക്ഷികള്‍ പറഞ്ഞത്.

വാഹനം ഓടിച്ച അമ്പതു വയസുള്ള സ്ത്രീ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെതുടര്‍ന്ന് മത്സരത്തിന്റെ ബാക്കി ഭാഗം റദ്ദാക്കി.

ഓസ്‌ട്രേലിയയില്‍ എല്ലാ വര്‍ഷവും ജൂണില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രശസ്തമായ ഓഫ് റോഡ് റേസ് നടത്തുന്നത്. ലോകത്തെ ഏറ്റവും കടുപ്പമേറിയ മണല്‍ വഴികളിലൂടെയാണ് റേസ് നടക്കുന്നത്.

മോട്ടോര്‍ സ്‌പോര്‍ട് ഓസ്‌ട്രേലിയ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ റേസില്‍ മോട്ടോര്‍ ബൈക്കുകള്‍, ജീപ്പുകള്‍ക്കു സമാനമായ ബഗ്ഗികള്‍, കാറുകള്‍, നാലു ചക്രങ്ങളുള്ള ക്വാഡ് ബൈക്കുകള്‍ എന്നിവയാണ് മത്സരിക്കുന്നത്. ഇത് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഏറ്റവും വലിയ വാര്‍ഷിക കായിക മത്സരങ്ങളിലൊന്നാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.