അബുദാബി: കോവിഡ് ബാധിതരെ തിരിച്ചറിയാന്‍ സഹായകരമാകുന്ന സ്കാനറുകള്‍ ഉപയോഗിക്കാന്‍ അബുദാബി. കോവിഡ് വ്യാപനം തടയുന്നതിനുളള സുരക്ഷാ നടപടികളെന്ന രീതിയിലാണ് അത്യാധുനിക സ്കാനറുകള്‍ ഉപയോഗിക്കുന്നതിനുളള അനുമതി അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി നല്‍കിയത്. രോഗിയല്ലെന്ന് ഉറപ്പുവരുത്തിയാകും സ്കാനറുകളിലൂടെ ഒരാള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുക.
എമിറേറ്റിലേക്കുളള പ്രവേശനകവാടങ്ങളിലും യാസ് ഐലന്റിലും മുസഫയിലെ പ്രവേശനകവാടങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ സ്കാനറുകള്‍ ഉപയോഗിച്ച് കോവിഡ് ബാധിതരെ കണ്ടെത്തുക. സ്കാന്‍ ചെയ്യുമ്പോള്‍ രോഗ ബാധിതനാണെന്ന സൂചനയാണ് ലഭിക്കുന്നതെങ്കില്‍ 24 മണിക്കൂറിനകം പിസിആർ പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം ആളുകൾക്ക് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കും.
അതേസമയം തന്നെ എമിറേറ്റില്‍ നിലവിലുളള കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമൊന്നുമുണ്ടാകില്ല. വലിയ തോതില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ സ്കാനർ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.