ബോംബുണ്ടാക്കുന്ന കുറിപ്പുകളുമായി ഐ.എസ് തീവ്രവാദി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ബോംബുണ്ടാക്കുന്ന കുറിപ്പുകളുമായി ഐ.എസ് തീവ്രവാദി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നി സ്വദേശിയായ ജോസഫ് സാദിഹിനെയാണ് (24) ചെസ്റ്റര്‍ ഹില്ലില്‍നിന്ന്് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും ന്യൂ സൗത്ത് വെയില്‍സ് പോലീസും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പരമറ്റ ലോക്കല്‍ കോടതിയില്‍ ഹാജരാക്കി.

സ്ഫോടകവസ്തുക്കള്‍ക്കൊപ്പം ഇത് എങ്ങനെ നിര്‍മ്മിക്കാം എന്നതു സംബന്ധിച്ച വിശദമായ കുറിപ്പുകളും ഇയാള്‍ കൈവശം സൂക്ഷിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണവും നടത്തിയിരുന്നു. 2018-ലാണ് ഐ.എസുമായുള്ള ബന്ധം സ്ഥാപിച്ചത്. ഏഴ് മാസം നീണ്ട അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഓസ്‌ട്രേലിയയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പരമാവധി ശിക്ഷ 10 വര്‍ഷം തടവാണ്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പേര്‍ ഇപ്പോഴും സമൂഹത്തില്‍ ഉണ്ടെന്ന് ഈ അറസ്റ്റ് ചൂണ്ടിക്കാട്ടുന്നതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ കമാന്‍ഡര്‍ സ്റ്റീഫന്‍ ഡാമെറ്റോ പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്നത് അപകടകരമായ വസ്തുക്കളാണ്. ഈ വ്യക്തി സമൂഹത്തിന് വലിയ ഭീഷണിയാണ്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ വിദ്വേഷത്തെയും ഭീകരതയെയുമാണ് പ്രതിനിധീകരിക്കുന്നതാണെന്നും കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

കേസ് പരിഗണിക്കുന്നത് മജിസ്ട്രേറ്റ് ഷാരോണ്‍ ഹോള്‍ഡ്സ്വര്‍ത്ത് ജൂണ്‍ 25 ലേക്കു മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.