ഭോപ്പാല്‍: മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഉപദേശപ്രകാരമുള്ള വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നത് അടക്കമുള്ള 52 വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുവേണ്ടി പെന്ഷന് പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പ്രത്രികയിലെ പ്രധാന വാഗ്ദാനം. താങ്ങുവില ഉറപ്പാക്കി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കും, വൈദ്യുതി ചാര്‍ജ് കുറയ്ക്കും, പലിശ രഹിത കാര്‍ഷിക വായ്പകള്‍ അനുവദിക്കും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. നവംബര്‍ മൂന്നിനാണ് സംസ്ഥാനത്തെ 28 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങളുമായി ജനങ്ങളെ പറ്റിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു.