ഹോര്‍മുസ് പോരില്‍ സോഷ്യല്‍ മീഡിയ ട്രോള്‍: മൈന്‍സ്വീപ്പര്‍ വീഡിയോ പങ്കുവെച്ച് അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ എംബസി

ഹോര്‍മുസ് പോരില്‍ സോഷ്യല്‍ മീഡിയ ട്രോള്‍: മൈന്‍സ്വീപ്പര്‍ വീഡിയോ പങ്കുവെച്ച് അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ എംബസി

ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ യുദ്ധവും മുറുകുന്നു. സിയറ ലിയോണിലെ ഇറാന്‍ എംബസി പങ്കുവെച്ച പരിഹാസ വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധനേടുന്നത്. 'ഹബീബി (അങ്കിള്‍ സാം), ഇറാനിലേക്ക് വരൂ' എന്ന തലക്കെട്ടോടെയാണ് 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 3ഡി ആനിമേഷന്‍ വീഡിയോ എംബസിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

ആഗോള ഊര്‍ജ്ജ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിന്റെ ഭൂപടത്തിന് മുകളില്‍, പ്രശസ്തമായ കമ്പ്യൂട്ടര്‍ ഗെയിമായ മൈന്‍സ്വീപ്പര്‍ കളിക്കുന്ന രീതിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രതിരൂപമായ അങ്കിള്‍ സാമിനെ പരോക്ഷമായി ക്ഷണിച്ച് തങ്ങളെ വെല്ലുവിളിക്കുകയാണ് ഈ ട്രോളിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ പ്രധാന പാതകളില്‍ നാവിക മൈനുകള്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്, കഴിഞ്ഞ ഞായറാഴ്ച ലാറക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെ യു.എസ് സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ജോര്‍ദാനിലെ രണ്ട് യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ അയച്ചു. തങ്ങള്‍ കനത്ത നാശനഷ്ടം വരുത്തിയെന്ന് ഇറാന്‍ അവകാശപ്പെടുമ്പോള്‍, ഇറാന്റെ എട്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി ജോര്‍ദാന്‍ വ്യക്തമാക്കി.

മിസൈലാക്രമണങ്ങള്‍ക്കും കടലിലെ ഏറ്റുമുട്ടലുകള്‍ക്കുമൊപ്പം നയതന്ത്ര തലത്തിലെ ഈ പരിഹാസങ്ങള്‍ കൂടിയായതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളായിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.