സൗത്താംപ്ടണ്‍: യു.കെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുപ്പത്താറുകാരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണില്‍ താമസക്കാരായ മലയാളി ദമ്പതികളെ ഹാംപ്ഷയര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോര്‍ട്‌സ്വുഡിലെ ബ്രൂക്ക്വെയില്‍ റോഡിലുള്ള ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അക്രമം നടന്നത്. ഫ്‌ളാറ്റിനുള്ളില്‍ ഒരാള്‍ക്ക് കുത്തേറ്റെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വയറിന് ആഴത്തില്‍ പരിക്കേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില നിലവില്‍ ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയെട്ടുകാരനായ യുവാവിനെയും ഇരുപത്തൊന്‍പതുകാരിയായ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തു നല്‍കിയെന്ന സംശയത്തിലാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ അറസ്റ്റിലായവരുടെയോ പരിക്കേറ്റയാളുടെയോ പേര് വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കൃത്യത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിക്കുകയും ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ എത്രയും വേഗം ഹാംപ്ഷയര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.