ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം അടുത്ത ആഴ്ച ഉണ്ടായേക്കും

ജോസ് കെ മാണിയുടെ ഇടത്  മുന്നണി പ്രവേശനം അടുത്ത ആഴ്ച ഉണ്ടായേക്കും

തിരുവനന്തപുരം : ജോസ് കെ മാണി അടുത്താഴ്ച അവസാനത്തോടെ ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും.

ജോസ് വിഭാഗത്തെ സഹകരിപ്പിക്കണോ ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാനസെക്രട്ടറിമാരും നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ആയിരുന്നു. അടുത്താഴ്ച അവസാനം ചേരുന്ന മുന്നണി യോഗത്തോടെ ജോസ് കെ മാണി ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാകും. പുതിയതായി വരുന്ന കക്ഷിയെ മുന്നണിയുമായി സഹകരിപ്പിച്ച ശേഷം പിന്നീട് ഘടകകക്ഷിയാക്കുന്നതാണ് ഇടത് മുന്നണിയുടെ രീതി. എന്നാൽ ജോസ് കെ മാണിയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് സിപിഎമ്മിനുള്ളത്. ജോസ് കെ മാണിയെ ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്.

എന്നാൽ വ്യത്യസ്തമായ നിലപാടാണ് സിപിഐയ്ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷിയാക്കിയാൽ മതിയെന്നാണ് സിപിഐയുടെ നിലപാട്. ഘടകകക്ഷിയാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ട സാഹചര്യത്തിൽ 21 ന്    ചേരുന്ന സിപിഐ നിർവ്വാഹക സമിതിയോഗം ഇക്കാര്യം ചർച്ച ചെയ്യും.അതിന് ശേഷമായിരിക്കും പാർട്ടി നിലപാട് പ്രഖ്യാപിക്കുക. നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഎം സിപിഐ ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന് വന്നില്ലെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.