ലക്‌നോ: ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് യു.പിയിൽ സംരക്ഷിക്കുന്നതെന്ന് ഇരുവരും വിമർശിച്ചു.
ബേട്ടി ബച്ചാവോ (പെൺമക്കളെ രക്ഷിക്കും) എന്ന് പറഞ്ഞാണ് തുടങ്ങിയത്. എന്നാൽ ഇന്നത് ക്രിമിനൽ ബച്ചാവോയിൽ (കുറ്റവാളികളെ രക്ഷിക്കും) എന്നായിരിക്കുന്നു, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബിജെപി എംഎൽ എ ഇറക്കിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ ആണ് രാഹുലിന്റെ പ്രതികരണം.
എംഎൽ എ അണികളുമായെത്തി പ്രതിയെ ബലംപ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഇതൊക്കെ ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറയാമോ? ബേട്ടി ബച്ചാവോ ആണോ, അതോ ക്രിമിനൽ ബച്ചാവോ ആണോ?, പ്രിയങ്ക ട്വീറ്റ് ചെയ്തു.