ജയിൽ മിനിസ്ട്രിയിൽ സേവനം ചെയ്യുന്ന ഒരു വൈദികനെ പരിചയപ്പെടാനിടയായി. ശുശ്രൂഷാ ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമാണ് അന്ന് അച്ചൻ പറഞ്ഞത്.മയക്കുമരുന്ന് കേസിൽ അഴിക്കുള്ളിലായ ഒരു യുവാവിനെക്കുറിച്ചായിരുന്നു അത്.ആദ്യമെല്ലാം അച്ചനുമായ് സംസാരിക്കാൻ അവൻ തീരെ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് ഒരു ദിവസം അവൻ തൻ്റെ ദുഃഖങ്ങൾ പങ്കുവച്ചു. കുഞ്ഞുനാളിൽ അൾത്താര ബാലനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് വൈദികനാകണമെന്ന ആഗ്രഹത്തോടെ സെമിനാരിയിൽ ചേർന്നു. സെമിനാരിയിലെ അടുക്കും ചിട്ടയുമുള്ള ജീവിതത്തോട് ഒത്തുചേർന്ന് പോകാൻ ബുദ്ധിമുട്ടായപ്പോൾ മൂന്നുമാസത്തിനു ശേഷം അവൻ തിരിച്ചുപോന്നു. തുടർന്ന് കോളജിൽ ചേർന്നതോടെ ചില സൗഹൃദവലയത്തിൽപ്പെട്ട് ലഹരിവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങി. ആദ്യമെല്ലാം കൗതുകമായിരുന്നെങ്കിൽ പിന്നീടത് മാറ്റാൻ പറ്റാത്ത അവസ്ഥയിലെത്തി. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാതെ വന്നപ്പോഴാണ് അല്ലറചില്ലറ മോഷണങ്ങൾ ആരംഭിച്ചത്. ഇതിനിടയിൽ ഒരു സംഘത്തിൽ ചേർന്ന്അന്യസംസ്ഥാനത്ത് നിന്ന് 'സ്റ്റഫ് ' എത്തിക്കുന്നതിൻ്റെ ഏജൻ്റായി. അത് നാശത്തിലേക്കുള്ള യാത്രയായി.ഒരിക്കൽ ലഹരി വസ്തുക്കൾ ഒളിച്ച് കടത്താനുള്ള ശ്രമത്തിനിടയിൽ പിടിക്കപ്പെടുകയും തുടർന്ന് ജയിലിൽ ആവുകയും ചെയ്തു.ജയിൽ മിനിസ്ട്രിയിലെ വൈദികനോട് ഈ സംഭവങ്ങളെല്ലാം പറയുമ്പോൾ അവൻ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
"ഒരു കാലത്ത് ഞാൻ എന്തെല്ലാം ചെയ്യില്ലെന്ന് കരുതിയോ,അതെല്ലാം പിന്നീട് ചെയ്യേണ്ടി വന്നു.എന്നെപ്പോലെ അധഃപതിച്ച ധാരാളം യുവാക്കളുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഈ വലയത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.അച്ചൻ പ്രാർത്ഥിക്കണം..."അവൻ്റെ വാക്കുകൾ ഇന്നും അച്ചൻ്റെ മനസിൽ മായാതെ നിൽക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു തകർച്ചയുടെ നടുവിൽ നിന്നായിരിക്കും പലരും തങ്ങളുടെ വീഴ്ചയുടെ തീവ്രത തിരിച്ചറിയുന്നത്.അപ്പോൾ കുറ്റബോധവും നിരാശയും ദേഷ്യവുമെല്ലാം അവരെ വേട്ടയാടുവാൻ തുടങ്ങും.ഈ പ്രതിസന്ധിഘട്ടങ്ങളിൽ ചിലർ മാനസാന്തരപ്പെട്ട് തിരിച്ചു വരും.മറ്റു ചിലർ അതേ അവസ്ഥയിൽ തുടരുകയും ചെയ്യും.
ഇവിടെയാണ് സുവിശേഷത്തിലെ ധൂർത്തപുത്രൻ നമുക്ക് വെല്ലുവിളിയാകുന്നത്.പാപത്തിൻ്റെ ചെളിക്കുണ്ടിൽ നിപതിച്ച അവന് 'സുബോധം' ലഭിച്ചപ്പോൾ അപ്പനരികിലേക്ക് തിരിച്ചു വരാൻ അവൻ തയ്യാറാകുന്നു.തിരിച്ചെത്തുമ്പോൾ അപ്പൻ എന്തു പറയും സഹോദരൻ എന്ത് ചിന്തിക്കും കുടുംബക്കാരും നാട്ടുകാരും തന്നെ തിരസ്ക്കരിക്കുമോ എന്നുള്ള ചിന്തകൾക്ക് അവൻ കീഴ്‌പ്പെട്ടില്ല.
അതായിരുന്നു അവൻ്റെ വിജയ രഹസ്യവും (Ref ലൂക്ക 15:11-32).
തിന്മയിൽനിന്ന് നന്മയിലേക്കുള്ള യാത്രയിൽ ചില ഉറച്ച നിലപാടുകൾ എടുക്കാൻ നമുക്ക് തടസമാകുന്നത് മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയാണ്. മറ്റുള്ളവരേക്കാൾ ഉപരിയായി ദൈവം എന്ത് കരുതും എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ മാത്രമേ മാറ്റത്തിലേക്കുള്ള പ്രയാണം ആരംഭിക്കാനാകൂ എന്ന സത്യം മറക്കാതിരിക്കാം.