വാഷിങ്ടണ്‍: ഭൂമിക്ക് അരികിലൂടെ നാളെ ഛിന്നഗ്രഹം കടന്നു പോകുമെന്ന് ശാസ്ത്രജ്ഞര്‍. 2008 ജിഒ 20 എന്ന ഛിന്നഗ്രഹമാണ് മണിക്കൂറില്‍ 18,000 കിലോ മീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുള്ളത്. അപ്പോളോ ക്ലാസ് വിഭാഗത്തില്‍പ്പെട്ടവയാണ് 2008 ജിഒ 20 എന്ന ഛിന്നഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. താജ്മഹലിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഛിന്നഗ്രഹമാണിത്.
സഞ്ചാര പഥത്തില്‍ ആശങ്കവേണ്ടെന്നാണ് നാസ പറയുന്നത്. ഭൂമിയില്‍ നിന്നും 37,18,232 മൈല്‍ ദൂരത്തുകൂടെയാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് നിഗമനം. അതേ സമയം ചന്ദ്രനോട് കൂടുതല്‍ അടുത്താണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത.
സൗരയൂഥത്തിനകത്തുകൂടെ കടന്നുപോകുന്ന ഛിന്നഗ്രങ്ങളെന്നും ഭൂമിക്ക് ഭീഷണിയാണ്. നിയര്‍ എര്‍ത്ത് ഒബ്ജക്ട്സ് എന്ന വിഭാഗത്തില്‍പെടുത്തിയാണ് ഇത്തരം ഛിന്ന ഗ്രഹങ്ങളെ നാസ നിരീക്ഷിക്കുന്നത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്നവയെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനും പദ്ധതിയുണ്ട്. ഇതിനായി 2022ല്‍ നാസ ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിക്കാനിരിക്കുകയാണ്.