യാചിക്കുന്നവരുടെ ഹൃദയം പറയുന്നത്

യാചിക്കുന്നവരുടെ  ഹൃദയം പറയുന്നത്

മകൻ്റെ ചികിത്സയ്ക്കായ് മറ്റുള്ളവർക്ക് മുന്നിൽ കരം നീട്ടുന്നൊരമ്മയെ അറിയാം. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരവസ്ഥ വരുമെന്ന് അവളൊരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ചിലപ്പോഴൊക്കെ അവൾ നിരാശപ്പെടാറുണ്ട്. എങ്കിലും പ്രത്യാശ കൈവിടാതെ മകനു വേണ്ടി അവളിന്നും നെഞ്ചുരുകി പ്രാർത്ഥിക്കുന്നു. മറ്റുള്ളവരിലെ നന്മയെക്കുറിച്ച് അവളൊരിക്കൽ പറഞ്ഞതോർക്കുന്നു: ''അച്ചാ, മനുഷ്യർ നല്ലവരാണെന്ന് ഞാൻ തിരിച്ചറിയുന്നു. എൻ്റെ മകനു വേണ്ടി, അവനെയൊ, എന്നെയൊ, എൻ്റെ ജീവിത പങ്കാളിയെയൊ, ഒരിക്കൽ പോലും കാണാത്തവരും പരിചയമില്ലാത്തവരും വരെ പണം നൽകി സഹായിച്ചിട്ടുണ്ട്. അവരുടെ വലിയ മനസിനു മുമ്പിൽ നമ്മൾ ചെറുതായി പോകുന്നു...." ശരിയല്ലെ അവൾ പറഞ്ഞത്? ഞാനും നിങ്ങളുമെല്ലാം യഥാർത്ഥത്തിൽ നല്ലവരാണ്. നന്മയുടെ നിറവുകളായാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതും. ഒന്നു ചിന്തിച്ചു നോക്കിക്കേ,ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവർക്ക് സഹായം ചെയ്യാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടോ? എന്തുമാത്രം കൊടുക്കുന്നു എന്നതിൽ മാത്രമാണ് വ്യത്യാസമുള്ളത്. മനുഷ്യനിലെ ഈ നന്മയെ നോക്കിയാണ്, "ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍" (മത്തായി 10 : 8) എന്ന് ക്രിസ്തു പറഞ്ഞത്.

ചേർത്തു വയ്ക്കാവുന്ന മറ്റൊരു സംഭവം കൂടി ഓർക്കുന്നു. ആൽവിൻ എന്ന സുഹൃത്തിൻ്റെ കൂടെ ഒരിക്കൽ യാത്ര ചെയ്യുകയായിരുന്നു. "വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സംഭാവന" എന്നെഴുതിയ ഒരു ബോക്സുമായി ചിലർ വഴിയരികിൽ നിൽക്കുന്നത് കണ്ടു. അവർ ആവശ്യപ്പെടാതെ തന്നെ വണ്ടി നിർത്തി ചെറിയ സംഭാവന അവൻ നൽകി. തുടർന്നുള്ള യാത്രയിൽ അവൻ പറഞ്ഞു: ''എൻ്റെ സഹോദരിയുടെ ചികിത്സയ്ക്കു വേണ്ടി ഞാനും ഇങ്ങനെ വഴിയോരത്ത് നിന്നിട്ടുണ്ട്. അങ്ങനെ നിൽക്കുന്നതിൻ്റെ നൊമ്പരം എനിക്ക് നന്നായറിയാം."നമ്മിലെ നന്മയുടെ തിരിവെട്ടം അണഞ്ഞു പോകാതിരിക്കാൻ തുറന്ന മിഴികളും ഉദാരമായ കരങ്ങളും നമുക്ക് ലഭിക്കട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.