ഖാസാ സ്വാന്റെ കൊലപാതകവും കേരളത്തിലെ സോഷ്യല്‍മീഡിയ പോരാളികളും!

ഖാസാ സ്വാന്റെ കൊലപാതകവും കേരളത്തിലെ സോഷ്യല്‍മീഡിയ പോരാളികളും!

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സൗമ്യ സന്തോഷ്‌ എന്ന മലയാളി നഴ്സ് ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാവുകയും ചെയ്തു. ലോകപൗരൻ എന്നവകാശപ്പെടുന്ന മലയാളികൾ ലോകത്തിന്റെ ഏതെങ്കിലുമൊരു ഏതൊരു ഭാഗത്ത് ഇത്തരത്തില്‍ ആളുകൾ കൊല്ലപ്പെടുമ്പോള്‍ മതവും ജാതിയും ഒന്നും നോക്കാതെ ദുഖത്തില്‍ പങ്കാളികളാകാറുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെയും, പലസ്തീനികളുടെയും, സിറിയയിലെ ക്രിസ്ത്യാനികളുടെയും, പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെയും ഒക്കെ ദുഖത്തില്‍ മലയാളികളും പങ്കുചേരാറുണ്ട്.

എന്നാല്‍ സൗമ്യയുടെ മരണവാർത്തയോട് അനുബന്ധിച്ച് കേരളത്തില്‍ ഉണ്ടായ ചില പ്രതികരണങ്ങൾ പൊതുസമൂഹത്തിനു ഞെട്ടലും അസ്വസ്ഥതകളും ഉളവാക്കി. സൌമ്യയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖനേതാവും ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളിലെ “ഹമാസ് തീവ്രവാദികള്‍” എന്ന പരാമര്‍ശം ചില ആളുകളെ ചൊടിപ്പിച്ചു. ഹമാസ് തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി.

ഇതിനു സമാനമായ ഒരു സംഭവമാണ് ഒരാഴ്ച്ച മുന്‍പ് കേരളത്തില്‍ വീണ്ടും അരങ്ങേറിയത്. മരണത്തിന്റെ മുൻപിൽ പോലും ചിരിച്ചുനിന്നഅഫ്ഗാനിലെ ഒരു കൊമേഡിയന്‍ കലാകാരനായിരുന്ന ഖാസാ സ്വാന്‍ എന്ന നിഷ്ക്കളങ്കനായ മനുഷ്യനെ താലിബാന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി  സമൂഹത്തിൽ  വന്ന ചില പ്രതികരണങ്ങള്‍ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നവയാണ്.

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും കൈകഴുകി പിന്മാറ്റം ആരംഭിച്ചതോടെ താലിബാന്‍ വീണ്ടും അവിടെ പിടിമുറുക്കുകയും ഇന്ത്യയുടെ നേര്‍ക്ക് ഇന്നുവരെ കാണാത്ത രീതിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കാശ്മീര്‍ അതിര്‍ത്തികളില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദിയുടെ ആശയങ്ങളാണ് ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലെ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഉള്ള മതഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലം എന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ‘ഘസ്വാ ഇ ഹിന്ദ്‌’, ‘ഘസ്വാ ഇ ഖാരോസാന്‍’ (യഥാക്രമം ഇന്ത്യയ്ക്കും അഫ്ഗാന്‍ പ്രദേശങ്ങള്‍ക്കും എതിരെയുള്ള ജിഹാദ് യുദ്ധങ്ങള്‍) എന്നീ ആശയങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളുടെ പ്രധാന പ്രചോദനം. അതുകൊണ്ടുതന്നെ അഫ്ഗാനില്‍ റിപ്പബ്ലിക്, ജനാധിപത്യം, സെക്കുലര്‍ എന്നീ ഭരണ മൂല്യങ്ങള്‍ ഉള്ള ഒരു ഭരണസമ്പ്രദായം ഉണ്ടാകുന്നതിനെതിരെ താലിബാന്‍ സന്ധിയില്ലാത്ത സമരം ചെയ്തുകൊണ്ടേയിരിക്കും.

കോമഡി പറയുന്നത് അനിസ്ലാമികമാണ് എന്ന പ്രമാണത്തിലൂന്നിയാണ് താലിബാൻ ഖാസ സ്വാന്‍ എന്ന് അറിയപ്പെടുന്ന നാസര്‍ മുഹമ്മദ് എന്ന കലാകാരനെ  മൃഗീയമായി ഉപദ്രവിച്ച് കൊന്നുകളഞ്ഞത്. നിഷ്ടുരമായ  ഈ കൊലപാതകത്തെ വെള്ള പൂശാനായി താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് പറഞ്ഞത് അദ്ദേഹം തെക്കന്‍ കാണ്ഡഹാര്‍ പ്രവശ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നാണ്.ഈ വാദത്തെ ലോകം കാണുന്നത് ഖാസ സ്വാനെ കൊല്ലുവാനുള്ള യഥാർത്ഥ പ്രചോദനം തമാശയാണ് എന്നത് തിരിച്ചറിഞ്ഞതിന്റെ ജാള്യത എന്ന് മാത്രം.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും മറ്റു സോഷ്യല്‍ മീഡിയ ഇടങ്ങളിലും വന്ന കമന്റുകളും അഭിപ്രായങ്ങളും ശ്രദ്ധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും, സൗമ്യയുടെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ഹമാസ് തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച ഒരുപറ്റം ആളുകള്‍ ഖാസാ സ്വാന്റെ കൊലപാതകത്തെയും പരസ്യമായി ന്യായീകരിച്ചു. തോക്ക് പിടിച്ചതിനാണ് താലിബാന്‍ അയാളെ കൊന്നത് എന്നാണ് പലരും ന്യായീകരിച്ചത്. അതിനുവേണ്ടി അദ്ദേഹം തോക്കുമായി നിന്നിരുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനും അവര്‍ മറന്നില്ല.

ലോകത്ത് പലയിടത്തും തോക്ക് ഒരു സോഷ്യല്‍ സ്റ്റാറ്റസായികരുതുന്ന സമൂഹങ്ങളുണ്ട്. ഇന്ത്യയിലും അങ്ങനെയുള്ള പ്രദേശങ്ങളുണ്ട്. ഉത്തരേന്ത്യ മുതല്‍ മദ്ധ്യപൂര്‍വ്വേഷ്യ വരെയുള്ള പല പ്രദേശങ്ങളിലും അങ്ങനെയുള്ള സംസ്ക്കാരം കാണാന്‍ കഴിയും. ഒരു ഉദാഹരണം എടുത്താല്‍ രണ്ടു വര്ഷം മുന്‍പ് ബെറ്റര്‍ ഇന്ത്യയില്‍ വന്ന ലേഖനത്തില്‍ രസകരമായ വാര്‍ത്ത വന്നിരുന്നു. സ്വച്ഛ‍ഭാരത് പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശിലെ ഗോളിയോര്‍ ജില്ലയിലെ ചില ഗ്രാമങ്ങളില്‍ മതപരമായ കാരണംകൊണ്ട് ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഗ്രാമീണര്‍ വിസമ്മതിച്ചു, അവസാനം അവിടുത്തെ കളക്റ്റര്‍ ODF അല്ലാത്ത ഗ്രാമങ്ങളിലെ തോക്കുകളുടെ ലൈസന്‍സുകള്‍ സസ്പ്പെന്‍ഡ്‌ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

അറബ് നാടുകളിൽ തോക്കുകൾ സ്റ്റാസ്റ്റ്സ് സിംബൽ ആയി കരുതുകയും അഫ്‌ഗാൻ പോലെയുള്ള രാജ്യങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം തീരെയില്ലാത്ത അവസ്ഥയിൽ എപ്പോഴോ ഒരാള്‍ തോക്ക് കൈയില്‍ പിടിച്ചു എന്ന കാരണംകൊണ്ട് താലിബാന്‍ അയാളെ വധിച്ചതാണെന്ന ന്യായീകരണത്തിനു എന്തോ ഔചിത്യക്കുറവുണ്ട്.

ഇന്നലെ ഹമാസിനെ പിന്തുണയ്ക്കുകയും, ഇന്ന് സാക്ഷാല്‍ താലിബാന്റെ പ്രവര്‍ത്തിയെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തവര്‍ നാളെ എന്താവും കേരളത്തില്‍ നടത്തുകയെന്ന ആധി അസ്ഥാനത്തല്ല!. പൊളിറ്റിക്കല്‍ ആക്റ്റിവിസം എന്ന ആശയം വിശ്വാസധാരയായി കൊണ്ടുനടക്കുന്ന, മൌദൂദിയുടെ ആശയങ്ങള്‍ പേറുന്ന ഈ കൂട്ടരേ അവഗണിക്കാതിരിക്കാന്‍ കഴിയുന്നില്ല.

ഐഎസ്ഐസിനേയും താലിബാനേയും വാഴ്ത്തി പാടുന്ന പ്രബോധനങ്ങളും കവിതകളും കേരളത്തിൽ അരങ്ങു തകർക്കുന്നു. ഈ കൂട്ടര്‍ സ്വതന്ത്രമായി ‘മാധ്യമ’’ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സമാന ആശയങ്ങള്‍ ഉള്ള മറ്റു ചിലരാകട്ടെ തങ്ങളുടെ മതപ്രചാരകര്‍ വഴി സിറിയയിലേക്ക് റിക്രൂട്ട്മെന്റുകള്‍ നടത്തിയിരുന്നു. കേരളത്തിൽ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും സമുദായങ്ങൾ തമ്മിലുള്ള അകൽച്ചയും പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളും കേരളത്തിന്റെ മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു. കേന്ദ്ര സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി തമ്സ്കരിക്കുന്ന രാഷ്ട്രീയക്കാർ മതേതര കേരളത്തിന് ചിത ഒരുക്കികൊണ്ടിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.