ദില്ലി: കുടിവെള്ളം പാഴാക്കിയാൽ കർശന ശിക്ഷാ നടപടികളുമായി കേന്ദ്രസർക്കാർ. ജലശക്തി വകുപ്പിന് കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെതാണ് നിർണായക തീരുമാനം. കുടിവെള്ളം പാഴാക്കുന്നതിനെതിരെ ഉള്ള പരാതിയിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ വിജ്ഞാപനം. കുടിവെള്ളം പാഴാക്കിയാൽ ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ പിഴ ചുമത്താൻ ആണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം. കുറ്റം വീണ്ടും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധിക പിഴ ചുമത്താനും ധാരണയായി. കുടിവെള്ളം പാഴാക്കുന്നതിനെതിരെ രാജേന്ദ്ര എന്ന ആളാണ് ഹരിത ട്രൈബ്യൂണലിൽ പരാതി നൽകിയത്. കുടിവെള്ളം പാഴാക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആക്കണമെന്നായിരുന്നു പരാതിക്കാരൻറെ ആവശ്യം. കുടിവെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ജലശക്തി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.