പട്ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പികാതെ ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടക്കം പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളില്‍ സാമൂഹിക അകലവും, മാസ്‌കും ധരിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്.
സ്റ്റേജിലിരിക്കുന്ന നേതാക്കളും ചട്ടങ്ങള്‍ക്കൊന്നും യാതൊരു വിലയും കല്‍പിക്കാത്ത കാഴ്ചയാണ് കണ്ടുവരുന്നത്. തെരഞ്ഞെടുപ്പില്‍ കോവിഡ് വാക്സിനാണ് പ്രധാന ചര്‍ച്ചാ വിഷയമെങ്കിലും റാലികളില്‍ പങ്കെടുക്കാനെത്തുന്ന ആളുകളെ കണ്ടാല്‍ അങ്ങനെയൊരു വൈറസ് ബാധ ബിഹാറില്‍ ഇല്ല എന്നു തോന്നിക്കുന്നതാണ് .
പതിനായിരക്കണക്കിന് ആളുകളാണ് ഓരോ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് റാലികളില്‍ മാസ്‌ക് പോലും ധരിക്കാതെ പങ്കെടുക്കുന്നത്. പൊതുസമ്മേളനങ്ങളില്‍ രണ്ടു പേര്‍ക്കിടയില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളൊക്കെ അവഗണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവെര കാര്യമായ ഇടപെടലുകളും ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും മാറ്റങ്ങളുണ്ടായിട്ടില്ല