വിജയശാന്തി ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ; മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി

വിജയശാന്തി ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ; മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി

 ഹൈദരാബാദ്: നടി ഖുശ്ബുവിന് പിന്നാലെ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തിയും ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. തെലങ്കാന കോണ്‍ഗ്രസിലെ പ്രമുഖ നേതാവും താര പ്രചാരകയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹം ഏറെ നാളായി ശക്തമാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിയുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയശാന്തിയുടെ വീട്ടില്‍ വെച്ചാണ് കിഷന്‍ റെഡ്ഡിയുമായുളള കൂടിക്കാഴ്ച നടന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ടും കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള പ്രചാരണം വീണ്ടും ശക്തമായിരിക്കുകയാണ്. ഒരു മണിക്കൂറിലേറെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ബിജെപി നേതാക്കളുമായി വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നത് വിജയശാന്തി സമ്മതിച്ചിട്ടുണ്ട്. അതേസമയം എന്താണ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്നത് വിജയശാന്തി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുന്‍ എംപി കൂടിയായ വിജയശാന്തി നേരത്തെ ബിജെപിയില്‍ ആയിരുന്നു. അവിടെ നിന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.