അവരെ ചേര്‍ത്തു പിടിക്കാം: 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' അറിയാതെ പോകരുത് ഈ അവസ്ഥ !

അവരെ ചേര്‍ത്തു പിടിക്കാം: 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' അറിയാതെ പോകരുത് ഈ അവസ്ഥ !

നൊന്ത് പെറ്റ കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരമ്മ. കേള്‍ക്കുമ്പോഴേ വെറുപ്പെന്ന വികാരം അണപൊട്ടി ഒഴുകും. എന്നാല്‍ നമ്മള്‍ പലപ്പോഴും കേട്ട് അഭിപ്രായവും പറഞ്ഞുപോകുന്ന ഓരോ സംഭവങ്ങള്‍ക്കും പിന്നിലും എത്രയെത്ര വേദനകളുടെ കഥകളാണ് ഒളിച്ചിരിക്കുന്നത്. അങ്ങനെയൊരു കഥയാണ് ദിവ്യ ജോണിയെന്ന യുവതിയുടെ ജീവിതത്തിലും സംഭവിച്ചത്.

പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന പ്രത്യേക മാനസികാവസ്ഥയെക്കുറിച്ച് ഈ അടുത്ത കാലങ്ങളില്‍ വളരെയധികം ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. എത്ര അനുകൂലമായ സാഹചര്യങ്ങളുള്ള സ്ത്രീകളിലും ഈ മാനസിക പ്രശ്നം ഉടലെടുത്തേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രതികൂലമായ ചുറ്റുപാടുകളില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ഇത് കുറെക്കൂടി തീവ്രവും അപകടകരവും ആകും. അങ്ങനെയൊരു ദുരവസ്ഥയിലൂടെ കടന്നുപോയ ഇപ്പോഴും അതില്‍ നിന്നും മുക്തി നേടാത്ത ഒരു വ്യക്തിയാണ് ദിവ്യ. പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ഏറെ പ്രതീക്ഷയോടാണ് സ്വയം കണ്ടെത്തിയ ഒരാള്‍ക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. ഒപ്പം ഒറ്റപ്പെടലും അവളെ മറ്റൊരു വ്യക്തിത്വത്തിന് ഉടമയാക്കുകയായിരുന്നു.

ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും അവള്‍ പ്രതീക്ഷ കൈവിടാതെ വീണ്ടും ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങി. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ ആയിരുന്നു. ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും അവളെ വീണ്ടും മറ്റൊരാളാക്കി മാറ്റി.

ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നോ, എവിടെയാണ് തീര്‍ക്കേണ്ടതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പതിയെ സ്വന്തം കുഞ്ഞിലേക്ക് തിരിഞ്ഞപ്പോള്‍ പോലും അതിനെ പിടിച്ചു നിര്‍ത്താനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല. അങ്ങനെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ ദിവ്യയുടെ നിരാശകളുടെ ഭാരം ആ കുഞ്ഞ് ഏറ്റവുവാങ്ങി. പാല് കൊടുത്ത് ഉറക്കി കിടത്തിയ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു. എപ്പോഴോ ഉണര്‍ന്ന് കരഞ്ഞ കുഞ്ഞിന്റെ ശബ്ദം അവളുടെ സിരകളില്‍ മറ്റൊരു തരത്തില്‍ പതിഞ്ഞതാണ് ആ ക്രൂരകൃത്യത്തിലേയ്ക്ക് ആ അമ്മ മനസിനെ നയിച്ചത്. ഇപ്പോഴും അത് എങ്ങനെ സംഭവിച്ചുവെന്ന് പോലും ദിവ്യക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

ഒരു മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ദിവ്യ ജോണിയുടെ ജീവിതകഥ മലയാളികള്‍ അറിയുന്നത്. താന്‍ കടന്നുപോന്ന മാനസികാവസ്ഥകളുടെ തീവ്രതയും ഇപ്പോഴും അനുഭവിക്കുന്ന വേദനകളുടെ ആഴവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദിവ്യ പാടുപെടുന്നത് പലവട്ടം വ്യക്തമാക്കുന്നതായിരുന്നു ആ വീഡിയോ. ഇപ്പോഴും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ് ദിവ്യ. ആത്മഹത്യാപ്രവണത സാരമായ രീതിയില്‍ ഉള്ളതിനാല്‍ അതിനുള്ള മരുന്നുകളും കഴിക്കുന്നു.

'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന സ്ത്രീകളിലെ പ്രശ്നത്തെ കുറിച്ച് അറിവുള്ളവര്‍ പോലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതിന്റെ പരിസരങ്ങള്‍ അന്വേഷിക്കുവാനോ എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് പഠിക്കാനോ തയ്യാറാകാറില്ല. എന്നാല്‍ ഇനിയും ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാനസികാരോഗ്യത്തെ കുറിച്ചും, സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കേണ്ട മാനസിക പിന്തുണയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കാന്‍ സമൂഹം ഇനിയെങ്കിലും തയ്യാറാകണം. കാരണം നമ്മുടെ വീടുകളിലും ഒരുപാട് ദിവ്യമാരുണ്ട്. അവര്‍ക്ക് കൊടുക്കുന്ന മാനസിക പിന്തുണയ്ക്ക് ഒരു ജീവനന്റെ വിലയുണ്ട്.

ഇനിയൊരു ദിവ്യ നമുക്കിടയിലുണ്ടാകാതിരിക്കാന്‍, മറ്റൊരു കുഞ്ഞിനും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകാതിരിക്കാനും ഞങ്ങളുണ്ട് കൂടെ എന്ന് പറയാനുള്ള ആര്‍ജ്ജവം നാം ഒരോരുത്തരും കാണിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.