മുംബൈ: റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അറസ്റ്റിൽ. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മർദിച്ചെന്ന് അർണബ് ഗോസ്വാമി ആരോപിച്ചു.
മുംബൈയിലെ ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ചാനൽ സ്റ്റുഡിയോ ഡിസൈൻ ചെയ്തതിന്റെ ചെലവായി 83 ലക്ഷം രൂപ അർണബ് ഡിസൈനർക്ക് നൽകിയില്ലെന്നാണ് പരാതി. തുടർന്ന് 2018ൽ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്തു. ഈ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 10 പൊലീസുകാർ അർണബിന്റെ വീട്ടിലെത്തി മർദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോർട്ട് ചെയ്തു.
പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്റെ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ടി ആർ പി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിൽ റിപബ്ലിക്ക് ടിവിക്കെതിരെ നേരത്തെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തത് ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്.