തിലക് മൈതാന്‍: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 37-ാം മിനിറ്റില്‍ ടോമിസ്ലാവ് മര്‍സെലയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അല്‍വാരോ വാസ്ക്വെസും അഡ്രിയാന്‍ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
37-ാം മിനിറ്റില്‍ രാജു ഗെയ്ക്വാദിന്റെ ലോങ് ത്രോ മര്‍സെല ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്സ് 44-ാം മിനിറ്റില്‍ വാസ്ക്വെസിലൂടെ ഒപ്പമെത്തി. ബോക്സിന് വെളിയില്‍ നിന്ന് പന്ത് ലഭിച്ച വാസ്ക്വെസ് അടിച്ച ഷോട്ട് മര്‍സലയുടെ തോളിലിടിച്ച് ഗതിമാറി വലയിലെത്തുകയായിരുന്നു.