ആയോധന കലയിലെ എണ്‍പത്തഞ്ച് വയസുള്ള മിടുമിടുക്കി

ആയോധന കലയിലെ എണ്‍പത്തഞ്ച് വയസുള്ള മിടുമിടുക്കി

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ആയോധനകലയില്‍ എണ്‍പത്തിയഞ്ചാം വയസിലും മികച്ച അഭ്യാസി. വാരിയര്‍ ആജി എന്നറിയപ്പെടുന്ന ശാന്ത ബാലു പവാര്‍ മുത്തശി ആളൊരു പുലിയാണ്. ആയോധന കലകളിലെ മുത്തശിയുടെ പ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രായം തളര്‍ത്താത്ത ഈ വീര്യത്തിന് പിന്നില്‍ ആ കലയോടുള്ള മുത്തശിയുടെ അടങ്ങാത്ത താല്‍പര്യമാണ്. തനിക്ക് ഇത് വെറും കലയല്ലെന്നും തന്റെ അഭിമാനമാണിതെന്നുമാണ് ശാന്ത ബാലു പറയുന്നത്. മഹാരാഷ്ട്രയിലെ ഡോംബാരി നൊമാഡിക് ഗോത്രത്തില്‍ പെട്ട മുത്തശി പൂനെയില്‍ ഹഡാപ്‌സറിലാണ് താമസിക്കുന്നത്.
തെരുവില്‍ അഭ്യാസ പ്രകടനം നടത്തിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഇതിനിടെ ഒന്ന് രണ്ട് സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പല രാജ്യങ്ങളിലായി നിരവധിസ്ഥലങ്ങളില്‍ മുത്തശി കളരിയും ആയോധന കലകളും അവതരിപ്പിച്ചിട്ടുണ്ട്.

യോദ്ധാവ് മുത്തശി എന്ന് വിളി പേരുള്ള മുത്തശിയുടെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നടന്മാരായ റിതേഷ് ദേശ്മുഖ്, സോനു സൂദ്, രണ്‍ദീപ് ഹൂഡ, പുനെയുടെ കമ്മിഷണര്‍ ഓഫ് പൊലീസ് തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്. തെരുവുകളില്‍ അഭ്യാസം നടത്തുന്നതിന് പകരം ആയോധന കല പരിശീലിപ്പിക്കുന്ന ഒരു സ്‌കൂള്‍ തുടങ്ങാന്‍ സോനു സൂദ് മുത്തശിയെ സഹായിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. പുതിയ തലമുറയ്ക്ക്
യോദ്ധാവ് മുത്തശി വലിയൊരു പ്രചോദനം തന്നെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.