ചരിത്രം തിരുത്തിയ മായ ആഞ്ചലോ !

ചരിത്രം തിരുത്തിയ മായ ആഞ്ചലോ !

യു.എസ് ട്രഷറി വകുപ്പിന്റെ പുതിയ ക്വാര്‍ട്ടറില്‍ ഒരു വശത്ത് കവിയും സാമൂഹികപ്രവര്‍ത്തകയുമായ മായ ആഞ്ചലോയുടെ ചിത്രമാണ്. മായയുടെ മായാത്ത ചിത്രം ചരിത്രത്തില്‍ ഇടംപിടിക്കാന്‍ കാരണങ്ങളേറെയാണ്. മായ ആഞ്ചലോയുടെ കവിതകളും അവര്‍ കടന്നുപോയ അനുഭവങ്ങളും അതിജീവനവുമാണ് യു.എസിന്റെ 25 സെന്റ് നാണയമായ ക്വാര്‍ട്ടറില്‍ വിഷയമാക്കിയിരിക്കുന്നത്. യു.എസ് ട്രഷറി പുറത്തിറക്കിയ നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയാണ് മായ ആഞ്ചലോ.

തീര്‍ന്നില്ല വിശേഷണങ്ങള്‍. ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന വേളയില്‍ കവിത എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആദ്യത്തെ കറുത്ത വര്‍ഗക്കാരി കൂടിയാണ് മായ. അമേരിക്കന്‍ ചരിത്രത്തിലെ പ്രധാന വനിതകളുടെ മുഖം മുദ്രണം ചെയ്ത് നാണയങ്ങള്‍ പുറത്തിറക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഭരണകൂടം തീരുമാനിച്ചത്. ഇത്തരത്തില്‍ ഇറങ്ങുന്ന ആദ്യ നാണയമാണ് ഇത്.

1928 ഏപ്രില്‍ 4ന് മിസോറിയിലെ സെന്റ് ലൂയിസിലാണ് മായ ആഞ്ചലോ ജനിച്ചത്. മാര്‍ഗരിറ്റ് ആനി, ജോണ്‍സണ്‍ എന്നിവരാണ് ആഞ്ചലോയുടെ മാതാപിതാക്കള്‍. ആത്മകഥ, മൂന്ന് ഉപന്യാസങ്ങള്‍, നിരവധി കവിതാ പുസ്തകങ്ങള്‍ എന്നിവ അവര്‍ രചിച്ചു. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആഞ്ചലോ 2014ല്‍ എണ്‍പത്തിയാറാമത്തെ വയസിലാണ് മരിച്ചത്. ഡീപ് സൗത്തിലെ തന്റെ ബാല്യകാലത്തെക്കുറിച്ച്, 1969 ലെഴുതിയ 'ഐ നോ വൈ ദ കേജ്ഡ് ബേഡ്‌സ് സിംങ്‌സ്' (എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്) എന്ന ആത്മകഥയിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും കഥ പറയുന്ന പുസ്തകം കൂടിയാണത്.

ഏഴാം വയസില്‍ അമ്മയുടെ കാമുകനാലാണ് മായ ആഞ്ചലോ ബലാത്സംഗത്തിന് ഇരയായത്. പിന്നീട് ആഞ്ചലോയുടെ അമ്മാവന്മാര്‍ ചേര്‍ന്ന് പ്രതിയെ തല്ലികൊന്നെന്നാണ് പറയപ്പെടുന്നത്. ആ സംഭവത്തിന് ശേഷം ഏകദേശം ആറ് വര്‍ഷത്തോളം ആഞ്ചലോ ആരോടും സംസാരിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും അവര്‍ വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ അവര്‍ എഴുത്തിലേക്ക് തന്റെ ജീവിതത്തെ തിരിക്കുകയും അന്ന് അനുഭവിച്ച വിഷമങ്ങളുടെ നേര്‍ചിത്രം തൂലികയിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തു.

തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം നിരവധി ഓണററി ബിരുദങ്ങള്‍ നേടുകയും 30 ലധികം കൃതികള്‍ എഴുതുകയും ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിനാപ്പം കറുത്ത വംശജരുടെ അവകാശ പോരാട്ടത്തിനിറങ്ങിയ അവര്‍ കവിയായും പൗരാവകാശ പോരാളിയായും കേബിള്‍ കാര്‍ കണ്ടക്ടറായും ബ്രോഡ്വേ താരമായും നര്‍ത്തകിയായുമൊക്കെ തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ്. 2010ല്‍ പ്രസിഡന്റ് ബറാക് ഒബാമ അവര്‍ക്ക് 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഒഫ് ഫ്രീഡം' നല്‍കി ആദരിച്ചു. യു.എസിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണിത്.

ആഞ്ചലോയുടെ സാമൂഹിക പ്രതിബദ്ധത, ദേശീയ താല്‍പര്യം എന്നിവ മുന്നില്‍ കണ്ടാണ് ഒബാമ ഈ ബഹുമതി നല്‍കിയത്. 2013ല്‍ സാഹിത്യ സമൂഹത്തിനുള്ള സംഭാവനകള്‍ക്കുള്ള ഓണററി നാഷണല്‍ ബുക്ക് അവാര്‍ഡായ ലിറ്ററേറിയന്‍ അവാര്‍ഡിനും ആഞ്ചലോ അര്‍ഹയായി. 1992ല്‍ ബില്‍ ക്ലിന്റന്‍ യു.എസ് പ്രസിഡന്റായി അധികാര മേറ്റ വേളയില്‍ ചൊല്ലിയ 'ഓണ്‍ ദ് പള്‍സ് ഒഫ് ദ് മോണിംങ്' എന്ന മായയുടെ കവിത ലോക പ്രശസ്തമാണ്.

കഴിഞ്ഞ 90 വര്‍ഷമായി ക്വാര്‍ട്ടര്‍ നാണയത്തിന്റെ ഒരുവശത്ത് യു.എസിന്റെ ആദ്യ പ്രസിഡന്റായ ജോര്‍ജ്ജ് വാഷിംഗ്ടണും മറുവശത്ത് ഒരു കഴുകനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതുക്കിയ നാണയത്തില്‍ ഒരു വശത്ത് മായ ആഞ്ചലോയും മറുവശത്ത് ജോര്‍ജ്ജ് വാഷിംഗ്ടണും ആണ് ഇടംപിടിച്ചിരിക്കുന്നത്. 90 വര്‍ഷത്തെ ചരിത്രമാണ് ഇപ്പോള്‍ തിരുത്തപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.