ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വീണ്ടും വേല്‍ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ ധിക്കരിച്ച് കൊണ്ട് ഇന്ന് വീണ്ടും സംസ്ഥാന ബിജെപി വേല്‍യാത്ര തുടങ്ങിയത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലായിരുന്നു യാത്ര. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡിലിറങ്ങിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേല്‍ യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വിവാദമായിരുന്നു.
എച്ച് രാജ ഉള്‍പ്പടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് സര്‍ക്കാര്‍ തടയിട്ടത്. കോവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് പ്രശ്‌നം.