മുംബൈ: ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹർജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. അർണാബിന് സെഷൻ കോടതി വഴി സാധാരണ ജാമ്യം തേടാമെന്നും കേസ് അസാധാരണ പരിഗണന അർഹിക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.