ഭോപാല്‍: മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലും വ്യക്തമായ മുന്നേറ്റത്തോടെ ബിജെപി. ഇതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിച്ചു. ബദ്‌നവാര്‍, സാന്‍വെര്‍, സുവാസ്ര, ബമോരി, അശോക് നഗര്‍, മന്‍ഗൗലി, മല്‍ഹാര, അനുപ്പുര്‍, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്.
മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 3 സീറ്റുകളിലെ ഒഴിവ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ്. 230 അംഗങ്ങളുടെ നിയമസഭയില്‍ നിലവില്‍ 107 അംഗങ്ങളുള്ള ബിജെപിക്ക് ഭരണംനിലനിര്‍ത്താന്‍ ഒന്‍പത് സീറ്റുകളില്‍ വിജയം അനിവാര്യമായിരുന്നു. സംസ്ഥാനത്ത് ആറിടത്ത് കോണ്‍ഗ്രസും ഒരു മണ്ഡലത്തിലും ബിഎസ്പിയും ലീഡ് ചെയ്യുന്നു.