പതിനാല് ജില്ലകളില്‍ 10 എണ്ണവും വനിതാ കളക്ടർമാർ ; കേരളത്തിന് ഇത് റെക്കോർഡ് നേട്ടം

പതിനാല് ജില്ലകളില്‍ 10 എണ്ണവും വനിതാ കളക്ടർമാർ ; കേരളത്തിന് ഇത് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ 10 എണ്ണവും വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് വനിതാ കളക്ടർമാരുള്ളത്.


രേണു രാജ് ഐ.എ.എസ്

നേരത്തെ ഒമ്പത് വനിതാ കളക്ടർമാർ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറായി രേണു രാജ് ഐ.എ.എസ് മാര്‍ച്ച്‌ രണ്ടിന് ചുമതല ഏല്‍ക്കുന്നതോടെ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരുക. കോട്ടയം ജില്ലയിലെ ചാണകഞ്ചേരിക്കടുത്ത് ഇത്തിത്താനം സ്വദേശിയാണ് ഡോ.രേണു രാജ്. ആലപ്പുഴ ജില്ലാ കളക്ടറായ എ. അലക്സാണ്ടറിന്റെ പിന്‍ഗാമിയായ രേണുവിന്റെ കന്നി നിയമനമാണിത്.

നേരത്തെ ദേവികുളം സബ് കളക്ടറായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസില്‍ സീറ്റ് നേടുകയായിരുന്നു. 2015-ലെ ആദ്യ പരീക്ഷണത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയുടെ രണ്ടാം സ്ഥാനം രേണു കരസ്തമാക്കി.

കാസര്‍കോട് ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ), വയനാട് ( എ. ഗീത), തൃശൂര്‍ ( ഹരിത വി കുമാര്‍ ) , പാലക്കാട് (മൃണ്‍മയി ജോഷി) , കൊല്ലം (അഫ്‌സാന പർവീൺ), കോട്ടയം ( ഡോ. പി കെ ജയശ്രീ ) , ഇടുക്കി ( ഷീബ ജോര്‍ജ് ), പത്തനംതിട്ട ( ഡോ. ദിവ്യ എസ് അയ്യര്‍ ) , തിരുവനന്തപുരം (ഡോ. നവജ്യോത് ഖോസ) എന്നിവയാണ് വനിതാ കലക്ടര്‍മാരുള്ള ജില്ലകള്‍. 

ദിവ്യ എസ് അയ്യര്‍, രേണു രാജ്, നവജ്യോത് ഖോസ എന്നിവര്‍ എം.ബി.ബി.എസ് ബിരുദധാരികളാണ്. 2014 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥയായ എ. ഗീത കഴിഞ്ഞ സെപ്റ്റംബറിലാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.