ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗങ്ങളെ ചേര്‍ക്കുന്നതില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അലംഭാവം കാട്ടിയതോടെയാണ് സമയം നീട്ടാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നടപടി.
അംഗത്വ വിതരണം 15ന് സമാപിക്കുമെന്നും തിരഞ്ഞെടുപ്പിന്റെ തീയതികളില്‍ മാറ്റമില്ലെന്നും ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. അംഗത്വ വിതരണത്തിന് ആദ്യം നിശ്ചയിച്ച സമയ പരിധി ഇന്നലെ അവസാനിച്ചപ്പോള്‍ തെലങ്കാനയും കര്‍ണാടകയും മാത്രമാണ് മികച്ച രീതിയില്‍ അംഗങ്ങളെ ചേര്‍ത്തത്. 40 ലക്ഷം അംഗങ്ങളെ ചേര്‍ത്ത തെലങ്കാനയാണ് ഒന്നാമത്.
50 ലക്ഷം പേരെ ചേര്‍ക്കാന്‍ ലക്ഷ്യം കുറിച്ച കേരളത്തിലടക്കം വിതരണം മന്ദഗതിയിലാണ്. വരും ദിവസങ്ങളില്‍ പരമാവധി അംഗങ്ങളെ ചേര്‍ക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം.