ന്യൂഡൽഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.
സി.ബി.ഐ പ്രവൃത്തികളിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും പലപ്പോഴും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നിയമസാധുതയും പൊതുവിശ്വാസവും വീണ്ടെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിനുള്ള ആദ്യപടി രാഷ്ട്രീയവും എക്സിക്യൂട്ടീവുമായുള്ള അവിശുദ്ധ ബന്ധം തകര്‍ക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങളാല്‍ പൊലീസിന്റെ പ്രതിച്ഛായ മങ്ങുന്നു. അധികാരം മാറുമ്പോള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞ് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ സമീപിക്കാറുണ്ട്. രാഷ്ട്രീയ എക്സിക്യൂട്ടീവുകള്‍ കാലത്തിനനുസരിച്ച് മാറും. നിങ്ങള്‍ സ്ഥിരമാണ്. അത് ഓര്‍മ വേണമെന്ന് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.