ശ്രീനഗര്‍: തീവ്രവാദി ആക്രമണങ്ങളും കല്ലേറും കുറഞ്ഞതോടെ ജമ്മു കാഷ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ പത്തു വര്‍ഷത്തെ റിക്കാര്‍ഡ് സഞ്ചാരികളാണ് കാഷ്മീരിലേക്ക് ഒഴുകിയെത്തുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കാഷ്മീരില്‍ തീവ്രവാദം കുറഞ്ഞിട്ടുണ്ട്. സൈന്യത്തിനും വിനോദ സഞ്ചാരികള്‍ക്കും നേരെയുള്ള ആക്രമണങ്ങളും നാമമാത്രമായതായി ജമ്മു കാഷ്മീര്‍ ഭരണകൂടം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയത് ഈ വര്‍ഷത്തെ വസന്ത കാലത്താണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1,62,664 ആഭ്യന്തര യാത്രക്കാരും 490 വിദേശികളും കാഷ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തി. ശ്രീനഗറിലെ തുലിപ് ഗാര്‍ഡന്‍ തുറന്ന് 10 ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷം സന്ദര്‍ശകരാണ് വന്നത്.
കാഷ്മീരിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ഇപ്പോള്‍ ലഭിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ജമ്മു കാഷ്മീരില്‍ നിക്ഷേപം നടത്താന്‍ തയാറായി വന്നിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നതോടെ തീവ്രവാദത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.