ആഡംബര ഹോട്ടലില്‍ വന്‍ ലഹരി പാര്‍ട്ടി: വിഐപികളുടെ മക്കളടക്കം 150 പേര്‍ പിടിയില്‍; പിടിച്ചെടുത്തവയില്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരി

ആഡംബര ഹോട്ടലില്‍ വന്‍ ലഹരി പാര്‍ട്ടി: വിഐപികളുടെ മക്കളടക്കം 150 പേര്‍ പിടിയില്‍; പിടിച്ചെടുത്തവയില്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരി

ഹൈദരാബാദ്: ആഡംബര ഹോട്ടലില്‍ ലഹരി പാര്‍ട്ടിയ്ക്കിടെ പൊലീസ് റെയ്ഡ്. ഹൈദരാബാദില്‍ ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 150ലധികം പേരെ പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ നിന്നും കൊക്കെയ്ന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സര വിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടാര്‍ എംപി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഹൈദരാബാദില്‍ അടുത്തിടെ വന്‍ തോതില്‍ മയക്കു മരുന്ന് വില്‍പന നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, കഞ്ചാവ്, ചരസ് എന്നിവ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

അറസ്റ്റിലായ എല്ലാവരെയും ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുലര്‍ച്ചെ മൂന്ന് മണിവരെ പബ് നടത്തിയതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 38 പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തര്‍ക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാഹുല്‍ സിപ്ലിഗുനിയെ രാവിലെ വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരെയും വിട്ടയക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടി നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം സംഭവത്തില്‍ ബഞ്ചറാഹില്‍സ് പൊലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന കാരണത്താല്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നഗരത്തില്‍ മയക്കു മരുന്ന് ഉപയോഗം ഉയര്‍ന്ന തോതിലാണെന്ന ആരോപണം ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.