ന്യൂഡൽഹി: കേന്ദ്ര ഭീഷണിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി. ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഉയർത്തുന്ന ഭീഷണിക്കും ഗൂഢതന്ത്രങ്ങൾക്കും മുന്നിൽ കോൺഗ്രസ് വഴങ്ങില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.
പാർട്ടിയിൽ ഐക്യമുറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ വ്യക്തമാക്കി. ‘കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് പാർട്ടിക്കു മാത്രമല്ല, ജനാധിപത്യത്തിനും അനിവാര്യമാണ്. മുൻപൊന്നുമില്ലാത്ത വിധം വെല്ലുവിളികൾ നിറഞ്ഞ വഴിയാണു മുന്നിലുള്ളത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായിരുന്നുവെന്ന് സോണിയാ പറഞ്ഞു.
‘പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികൾ ഞാൻ പരിശോധിക്കുകയാണ്. ഇതിനായി ഒട്ടേറെ പേർ നൽകിയ നിർദേശങ്ങൾ പരിഗണനയിലുണ്ട്. വെല്ലുവിളികൾ മറികടക്കാനുള്ള രൂപരേഖ നടക്കാനിരിക്കുന്ന ചിന്തൻ ശിബിരത്തിൽ ഉരുത്തിരിയും’ എന്ന് സോണിയ പറഞ്ഞു.