ചെന്നൈ: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി വക്താവിനെ സ്ഥാനത്തു നിന്ന് പുറത്താക്കി തമിഴ്‌നാട് ഘടകം. എഐസിസി അംഗം കൂടിയായ അമെരികൈ വി നാരയണനെയാണ് ഗാന്ധി കുടുംബത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ നീക്കിയത്.
കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളായ മമത ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഡി, കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയവരെ മടക്കി കൊണ്ടുവരണമെന്ന് അദേഹം ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഇത്തരം നേതാക്കള്‍ തിരിച്ചു വന്നാല്‍ കോണ്‍ഗ്രസിനത് ഗുണം ചെയ്യുമെന്നും അതിനായി രാഹുലും പ്രിയങ്കയും മാറി നില്‍ക്കണമെന്നുമാണ് നാരായണന്‍ ആവശ്യപ്പെട്ടത്.
അതേസമയം നാരായണനെ വക്താവ് സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ ഒരുവിഭാഗം നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. അനാവശ്യമായ തിടുക്കമാണ് ഇക്കാര്യത്തില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി കാണിച്ചതെന്ന വികാരം ശക്തമാണ്.