പൂനെ: പെണ്‍ കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ഒരു കുടുംബം. തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ പൂനെ ഖേഡ് സ്വദേശി വിശാല്‍ സരേക്കര്‍ ഭാര്യയേും മകളേയും ഹെലികോപ്റ്ററിലാണ് വീട്ടില്‍ എത്തിച്ചത്. ജനുവരി 22നാണ് വിശാലിനും ഭാര്യയ്ക്കും മകള്‍ പിറന്നത്.
രാജലക്ഷ്മി എന്ന് പേരിട്ട മകളെ ഏപ്രില്‍ രണ്ടിന് ഗുഡിപാട്വ ദിനത്തില്‍ (മഹാരാഷ്ട്രയിലെ പുതുവത്സര ദിനം) ഭോസാരിയിലുള്ള ഭാര്യ ഗൃഹത്തില്‍ നിന്ന് ഷെല്‍ഗാവിലെ സ്വന്തം വീട്ടിലെത്തിക്കാനായി വിശാല്‍ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്.
ഷെലഗാവിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ആഘോഷപൂര്‍വം വീട്ടിലേക്ക് ആനയിച്ചു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് വിശാലിന്റെ കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നത്. തനിക്കും കുടുംബത്തിനും പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷമാണ് ഉള്ളത്. അതിനാലാണ് മകളുടെ ജനനം ആഘോഷമാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു.