ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് തീപിടിത്തം. അക്ബര്‍ റോഡിലെ സേവാദള്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഭാഗമാണ് സേവാദള്‍ ഓഫീസും. തീപിടിത്തമുണ്ടായ ഉടന്‍ ഡല്‍ഹി ഫയര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി.
രാത്രി ഏഴ് മണിയോടെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികള്‍ തുടങ്ങി. എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
തീപിടിത്തമുണ്ടാവുമ്പോള്‍ ഓഫീസിനകത്ത് ആരുമുണ്ടായിരുന്നില്ല. സുരക്ഷ ഉദ്യോഗസ്ഥരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.