മുല്ലപ്പെരിയാര്‍ കേസിൽ വിധി നാളെ: കേരളത്തിന്റെ ആവശ്യം തള്ളി; നിലവിലെ മേല്‍നോട്ട സമിതിയെ മാറ്റില്ല

മുല്ലപ്പെരിയാര്‍ കേസിൽ വിധി നാളെ:  കേരളത്തിന്റെ ആവശ്യം തള്ളി; നിലവിലെ മേല്‍നോട്ട സമിതിയെ മാറ്റില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മേല്‍നോട്ട സമിതി ചെയര്‍മാന്റെ ചുമതല കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

പുതിയ മേല്‍നോട്ട സമിതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.നിലവിലെ അംഗങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള ഉത്തരവ് കോടതി നാളെ പ്രസ്താവിക്കും.

കേരളവും തമിഴ്‌നാടും വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വിധി പറയാനായി കോടതി നാളത്തേക്ക് മാറ്റിയത്. തടസപ്പെടുത്തലുകള്‍ക്കിടെ വിധി പറയാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു.

പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി മുന്നോട്ടുവെച്ചിരുന്നു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.