ആന്ധ്രാ മന്ത്രിസഭ പിരിച്ചുവിട്ടു; പുനസംഘടന ഉടന്‍

ആന്ധ്രാ മന്ത്രിസഭ പിരിച്ചുവിട്ടു; പുനസംഘടന ഉടന്‍

ഹൈദരാബാദ്: മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ മന്ത്രിസഭയെ പുന:സംഘടിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. അന്തിമ കാബിനറ്റ് യോഗം പൂര്‍ത്തിയാക്കിയ ശേഷം, എല്ലാ മന്ത്രിമാരും സംസ്ഥാന സെക്രടേറിയറ്റിലെത്തി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

24 മന്ത്രിമാരും രാജിക്കത്ത് നല്‍കി.  പുതുതായി രൂപീകരിച്ച 26 ജില്ലയിലെയും പ്രതിനിധികള്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 9 നോ 11 നോ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ ബിശ്വഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ജഗന്‍ സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടാനിരിക്കെയാണ് മന്ത്രിസഭാ പുനഃസംഘടന. 2019 മേയ് 30 നാണ് ജഗന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസഭ സമ്പൂര്‍ണമായി പുനഃസംഘടിപ്പിക്കുമെന്ന് അന്ന് റെഡ്ഡി അറിയിച്ചിരുന്നു. 2021 ഡിസംബറില്‍ പുനഃസംഘടന നടത്താനായിരുന്നു പദ്ധതിയെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. 175 അംഗ നിയമസഭയില്‍ 151 സീറ്റുമായാണ് ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലേറിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.