ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെ ചൊല്ലി ബി.ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയുമായി ദേശീയ മഹിളാ കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്‍റ് നെറ്റ ഡിസൂസ വിമാനയാത്രക്കിടയില്‍ തർക്കം.
യു.പി.എ ഭരണകാലത്ത് പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറേന്തി സമരം നയിച്ച സ്മൃതി ഇറാനിയെ ഡല്‍ഹി - ഗുവാഹത്തി യാത്ര നേരത്താണ് നെറ്റ ഡിസൂസ അതേ വിഷയവുമായി നേരിട്ടത്. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നെറ്റ വീഡിയോയില്‍ പകര്‍ത്തിയ സംഭാഷണം പിന്നീട് ട്വിറ്ററില്‍ പങ്കുവെച്ചു. മോഡിയുടെ മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള വഴിയില്‍ മുഖാമുഖം കണ്ടു എന്നു പറഞ്ഞാണ് നെറ്റ ഡിസൂസ വീഡിയോ പങ്കുവെച്ചത്.
പാചകവാതക വില വര്‍ധനയെ കുറിച്ച് മന്ത്രിക്ക് നേരെ നെറ്റാ ഡിസൂസ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വാക്‌സിന്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.