ന്യൂഡൽഹി: സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ എ.ഐ.സി.സി വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും.
എ.കെ ആന്റണി അധ്യക്ഷനായ അഞ്ചംഗസമിതിയാകും നടപടി തീരുമാനിക്കുക. ആദ്യപടിയായി കെ.വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ.
പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള ശക്തമായ നടപടി വേണമെന്നാണ് കെ പി സി സി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസ് അച്ചടക്കം ലംഘിച്ചു എന്ന് കാട്ടി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.
രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് തോമസ് കാണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.