ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഇന്ന് ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നാലാമത് ഇന്ത്യ-യുഎസ് മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനോടൊപ്പം ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലകളിലെ സമീപകാല സംഭവവികാസങ്ങള്‍, പരസ്പര താത്പര്യമുള്ള ആഗോള പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
നാളെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായി യുഎസില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ക്വാഡ് സമ്മേളനത്തിലാണ് മോഡിയും ബൈഡനും തമ്മില്‍ അവസാനം കൂടിക്കാഴ്ച നടത്തിയത്. ഉക്രെയ്‌നെതിരായ റഷ്യയുടെ നീക്കത്തിലുളള ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ അടുത്തിടെ വിട്ടു നിന്നിരുന്നു.