'24 മണിക്കൂറിനുള്ളില്‍ മറുപടി വേണം'; കേന്ദ്ര സര്‍ക്കാരിന്റെ നെല്ല് സംഭരണ ​​ നയത്തിൽ മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

'24 മണിക്കൂറിനുള്ളില്‍ മറുപടി വേണം'; കേന്ദ്ര സര്‍ക്കാരിന്റെ നെല്ല് സംഭരണ ​​ നയത്തിൽ മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ നെല്ല് സംഭരണ ​​നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ കര്‍ഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച്‌ ഡൽഹി, തെലങ്കാന ഭവനില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാബി സീസണില്‍ സംഭരിച്ച അരി വാങ്ങണമെന്ന തെലങ്കാനയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്. പച്ചരി (റോ റൈസ്) മാത്രമേ സംഭരിക്കാനൂവെന്നും രാജ്യത്ത് അധികം ഉപയോ​ഗിക്കാത്ത പുഴുങ്ങിയ അരി സംഭരിക്കാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റാവു മുന്നറിയിപ്പ് നല്‍കി.

കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുത്. അവര്‍ക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയും. കര്‍ഷകര്‍ യാചകരല്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ലഭിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണം സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യത്തോട് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാൻ പ്രധാനമന്ത്രി മോഡിയോടും വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനോടും അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യത്താകമാനം പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്തും മുന്നറിയിപ്പ് നല്‍കി. ധര്‍ണയില്‍ അദ്ദേ​ഹം മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.